India

ബംഗളൂരുവില്‍ വ്യവസായി ഭാര്യയെ കൊന്നു, കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും; ഒടുവില്‍ ജീവനൊടുക്കി

കൊല്‍ക്കത്ത സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് അഗര്‍വാളാ (42)ണ് ഭാര്യ ശില്‍പി ധന്‍ധാനിയ, ഭാര്യാമാതാവ് ലളിത ധന്‍ധാനിയ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യചെയ്തത്. അമിത്- ശില്‍പി വിവാഹമോചന കേസിന്റെ നടപടികള്‍ കോടതിയില്‍ നടന്നുവരവെയാണ് കൊലപാതകം.

ബംഗളൂരുവില്‍ വ്യവസായി ഭാര്യയെ കൊന്നു, കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും; ഒടുവില്‍ ജീവനൊടുക്കി
X

കൊല്‍ക്കത്ത: ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയശേഷം വ്യവസായി ജീവനൊടുക്കി. ആദ്യം ബംഗളൂരുവില്‍ ഭാര്യയെയും പിന്നീട് വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് അഗര്‍വാളാ (42)ണ് ഭാര്യ ശില്‍പി ധന്‍ധാനിയ, ഭാര്യാമാതാവ് ലളിത ധന്‍ധാനിയ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യചെയ്തത്. അമിത്- ശില്‍പി വിവാഹമോചന കേസിന്റെ നടപടികള്‍ കോടതിയില്‍ നടന്നുവരവെയാണ് കൊലപാതകം.

അമിത് അഗര്‍വാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഭാര്യ ശില്‍പി ധന്‍ധാനിയയില്‍നിന്ന് അകന്നുകഴിയുകയായിരുന്നു. ഇവര്‍ക്ക് പത്തുവയസ്സുള്ള മകനുണ്ട്. മകന്‍ സുരക്ഷിതനാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അമിത്, ശില്‍പിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന കൊല്‍ക്കത്ത രാമകൃഷ്ണ സമാധി റോഡിലെ ഫ്ളാറ്റിലെത്തുന്നത്. തുടര്‍ന്ന് മാതാപിതാക്കളുമായി അമിത് വഴക്കിടുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഭാര്യാമാതാവിനെ വെടിവച്ചുകൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അമിത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു. ഇതോടെ ശില്‍പിയുടെ പിതാവ് 70 കാരനായ സുബാഷ് ധന്‍ധാനിയ ഫ്ളാറ്റില്‍നിന്നും പരിഭ്രാന്തനായി പുറത്തേയ്ക്കോടി രക്ഷപ്പെട്ടു.

നാട്ടുകാരെയും പോലിസുകാരെയും അറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലിസ് സംഘം ഫ്ളാറ്റ് പരിശോധിച്ചപ്പോള്‍ ഇരുവരെയും രക്തത്തില്‍ കുളിച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അമിത്തിന്റെ കൈയിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് ബംഗളൂരുവിലുള്ള ശില്‍പിയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി അമിത് ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത പോലിസ് ബംഗളൂരു പോലിസുമായി ബന്ധപ്പെട്ടു.

ബംഗളൂരു പോലിസ് വൈറ്റ് ഫീല്‍ഡ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയതോടെ ശില്‍പിയുടെ മൃതദേഹം കണ്ടെടുത്തു. ഫ്ളാറ്റില്‍ ഇരുവരും തമ്മില്‍ കലഹം നടന്നതിനുശേഷമാണ് അമിത് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന്റെ നിഗമനം. ചില്ലുപാത്രങ്ങളും മറ്റും പൊട്ടിച്ചിതറിയ നിലയില്‍ ഫ്ളാറ്റിലുണ്ടായിരുന്നു. മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഭാര്യയുടെ മാതാപിതാക്കളുടെ ഫ്ളാറ്റിലേക്ക് അമിത് പോയതെന്ന് പോലിസ് പറഞ്ഞു. കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കൊല്‍ക്കത്ത പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it