India

ഹിന്ദുത്വത്തെ ബിജെപി രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കുന്നു; വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

ഹിന്ദുത്വത്തെ ബിജെപി രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കുന്നു; വിമര്‍ശനവുമായി ഉദ്ധവ് താക്കറെ
X

മുംബൈ: ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയ്ക്ക് പുറത്ത് ദേശീയ തലത്തില്‍ ശിവസേനയുടെ പങ്ക് വിപുലീകരിക്കാന്‍ ശ്രമിക്കും. ശിവസേന, അകാലിദള്‍ തുടങ്ങിയ ഘടകകക്ഷികള്‍ ഇറങ്ങിപ്പോയ സാഹചര്യത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി ചുരുങ്ങിപ്പോയെന്നും താക്കറെ പറഞ്ഞു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 96ാം ജന്‍മവാര്‍ഷികത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വത്തിന് അധികാരം വേണമെന്നതുകൊണ്ടാണ് ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍, അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല.

ശിവസേന ഉപേക്ഷിച്ചത് ബിജെപിയെയാണ്. ഹിന്ദുത്വത്തെയല്ല. ബിജെപിയുടെ അവസരവാദ ഹിന്ദുത്വം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബിജെപിയുമായുള്ള സഖ്യത്തില്‍ ശിവസേന 25 വര്‍ഷം പാഴാക്കിയെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയുമായി 25 വര്‍ഷമുണ്ടായിരുന്ന സഖ്യം ഏറെ മോശമായിരുന്നു. ബിജെപി അവരുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് സഖ്യകക്ഷികളെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുകയാണ്. ബിജെപിയുടെ ദേശീയ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ പ്രാപ്തരാക്കാന്‍ ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ അവരെ പിന്തുണച്ചു. എന്നാല്‍, ഞങ്ങളെ ഒറ്റിക്കൊടുക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് അവര്‍ ചെയ്തത്.

അതിനാല്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടിവന്നു. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് താക്കറെ പറഞ്ഞു. അധികാരത്തിനുവേണ്ടി സേന ഹിന്ദുത്വത്തെ ഉപേക്ഷിച്ചെവന്ന ബിജെപിയുടെ പരിഹാസത്തെയും താക്കറെ നേരിട്ടു. തന്റെ പാര്‍ട്ടി ബിജെപി വിട്ടെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രമല്ല പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന ബിജെപിയുമായി പിരിഞ്ഞത്. എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it