India

മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് അവരുടെ സ്വത്തില്‍ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി

മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് അവരുടെ സ്വത്തില്‍ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: ആഹാരം മാത്രമല്ല, പ്രായമായ മാതാപിതാക്കള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിന്‍മേല്‍ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വിധിച്ചു.തിരുപ്പൂര്‍ സ്വദേശി ഷക്കീരാബീഗം മകന്‍ മുഹമ്മദ് ദയാന് നല്‍കിയ ഭൂമി തിരിച്ചെടുത്ത സബ് രജിസ്ട്രാറുടെ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എസ് എം സുബ്രഹ്‌മണ്യന്റെ സുപ്രധാന വിധി.

മക്കള്‍ സംരക്ഷിച്ചില്ലെങ്കില്‍ വസ്തു തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ആധാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍പ്പോലും അത് തിരിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് അധികാരമുണ്ടാവുമെന്ന് കോടതി വ്യക്തമാക്കി. മകന്‍ സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ തന്റെ പേരിലുണ്ടായിരുന്ന വസ്തു 2020 ഒക്ടോബറിലാണ് ഷക്കീരാബീഗം മകന് എഴുതിക്കൊടുത്തത്.

എന്നാല്‍, സ്വത്തു കിട്ടിയതോടെ മകന്‍ അവഗണിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് ജില്ലാഭരണകൂടത്തിന് പരാതി നല്‍കി. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സബ് രജിസ്ട്രാര്‍ വസ്തുക്കൈമാറ്റം റദ്ദാക്കി. ഇതിനെ ചോദ്യംചെയ്ത് മുഹമ്മദ് ദയാന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സബ് രജിസ്ട്രാറുടെ നടപടി ശരിവെച്ചത്.


മുതിര്‍ന്ന പൗരന്‍മാര്‍ അന്തസുള്ള ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാഭരണകൂടത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.





Next Story

RELATED STORIES

Share it