India

കോലം വരച്ചതിന്റെ പേരില്‍ അറസ്റ്റ്: തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധകോലം

ആല്‍വാര്‍പേട്ടിലെ തന്റെ വീടിനു മുന്നില്‍ വരച്ച കോലത്തിന്റെ ചിത്രങ്ങള്‍ എം കെ സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ വീട്ടിലും എന്‍ആര്‍സി, സിഎഎ വിരുദ്ധസമരം' എന്ന കുറിപ്പോടെയാണ് സ്റ്റാലിന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

കോലം വരച്ചതിന്റെ പേരില്‍ അറസ്റ്റ്: തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധകോലം
X

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കോലംവരച്ച് പ്രതിഷേധം വ്യാപകമാവുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, എംപി കനിമൊഴി, മധുരയിലെ മുന്‍ ഡിഎംകെ മന്ത്രി ആര്‍ തമിഴരാസി എന്നിവരുടെ വീടുകള്‍ക്കു മുന്നിലും സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ മുദ്രാവാക്യങ്ങളുമായി കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആല്‍വാര്‍പേട്ടിലെ തന്റെ വീടിനു മുന്നില്‍ വരച്ച കോലത്തിന്റെ ചിത്രങ്ങള്‍ എം കെ സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ വീട്ടിലും എന്‍ആര്‍സി, സിഎഎ വിരുദ്ധസമരം' എന്ന കുറിപ്പോടെയാണ് സ്റ്റാലിന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

വീടിനു മുന്നിലെ റോഡില്‍ വരച്ചിരിക്കുന്ന കോലങ്ങളും പ്രതിഷേധ മുദ്രാവാക്യങ്ങളും ചിത്രങ്ങളില്‍ കാണാം. ഞായറാഴ്ച വൈകീട്ട് തന്നെ കനിമൊഴിയുടെ സിഐടി കോളനിയിലെ വീടിനു മുന്നില്‍ കോലം വരച്ചിരുന്നു. കൂടാതെ, ഡിഎംകെയുടെ വനിതാ വിഭാഗം പ്രവര്‍ത്തകരോട് വീടിനു മുന്നില്‍ കോലംവരച്ച് പ്രതിഷേധിക്കാന്‍ കനിമൊഴി ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ കനിമൊഴി തന്റെ വീടിനു മുന്നില്‍ വരച്ചിരിക്കുന്ന കോലത്തിന്റ ചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഞായറാഴ്ച പൗരത്വ നിയമഭേദഗതിക്കെതിരേ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധകോലങ്ങള്‍ വരച്ചവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ച് സ്ത്രീകളടക്കം എട്ടുപേരെയാണ് അറസ്റ്റുചെയ്തത്. ഇവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ മൂന്ന് അഭിഭാഷകരെയും പോലിസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. അനധികൃതമായി സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാരോപിച്ചാണ് പോലിസ് ഇവരെ പിടികൂടിയത്. പ്രതിഷേധക്കാര്‍ക്കെതിരായ പോലിസ് നടപടിയില്‍ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടിലുയര്‍ന്നുവന്നത്. സ്റ്റാലിന്റെ ആഹ്വാനം ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കോലംവരച്ച് പ്രതിഷേധിക്കുകയാണ്.

Next Story

RELATED STORIES

Share it