Sub Lead

കെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം വാദങ്ങള്‍ ഉന്നയിച്ചു

കെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം വാദങ്ങള്‍ ഉന്നയിച്ചു
X

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി നാലുദിവസം കൂടെ നീട്ടി. മാര്‍ച്ച് 21-ന് അറസ്റ്റുചെയ്യപ്പെട്ട കെജ്രിവാള്‍ ഏപ്രില്‍ ഒന്നുവരെ കസ്റ്റഡിയില്‍ തുടരും. കോടതിയില്‍ കെജ്രിവാളിന്റേയും ഇ.ഡിയുടേയും വാദങ്ങള്‍ കേട്ടശേഷം ഡല്‍ഹി റോസ് അവന്യൂ കോടതി സ്പെഷ്യല്‍ സി.ബി.ഐ ജഡ്ജ് കാവേരി ബവേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഏഴുദിവസം കൂടി കെജ് രിവാളിന്റെ കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇ ഡി ആവശ്യം. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങള്‍ അതിനുള്ള മറുപടി നല്‍കുമെന്നും കോടതിയിലേക്ക് കൊണ്ടുപോകുംവഴി കെജ് രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അരവിന്ദ് കെജ് രിവാളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രമേഷ് ഗുപ്ത ഹാജരായി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും സ്‌പെഷ്യല്‍ കോണ്‍സല്‍ സൊഹേബ് ഹുസ്സൈനും ഇ.ഡിക്കുവേണ്ടി വീഡിയോ കോണ്‍ഫെറന്‍സ് വഴി ഹാജരായി. വേര്‍തിരിച്ചെടുത്ത ഡിജിറ്റല്‍ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്.വി. രാജു കോടതിയെ അറിയിച്ചു. ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് കെജ് രിവാള്‍ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെജ് രിവാള്‍ അന്വേഷണത്തോട് ബോധപൂര്‍വ്വം സഹകരിക്കുന്നില്ല. പഞ്ചാബിലെ എക്‌സൈസ് ഓഫീസര്‍മാരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.വി. രാജു പറഞ്ഞു. അതേസമയം, കെജ്രിവാളിന് കോടതിയില്‍ സംസാരിക്കണമെന്ന് അഡ്വ. രമേഷ് ഗുപ്ത കോടതിയെ അറിയിച്ചു. പിന്നാലെ, കോടതിയെ അഭിസംബോധന ചെയ്യാന്‍ ബെഞ്ച് അനുമതി നല്‍കി.

വ്യത്യസ്ത ആളുകളുടെ നാലുമൊഴികള്‍ തന്നെ അറസ്റ്റുചെയ്യാന്‍ മാത്രം പര്യാപ്തമല്ലെന്ന് കെജ് രിവാള്‍ കോടതിയില്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന കേസാണിത്. എന്നെ അറസ്റ്റുചെയ്തു, ഒരു കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. കേസില്‍ ആളുകളെ മാപ്പുസാക്ഷികളാക്കുകയും മൊഴിമാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കെജ് രിവാള്‍ പറഞ്ഞപ്പോള്‍ ഇ.ഡി അതിനെ എതിര്‍ത്തു.

താന്‍ ഇ.ഡി റിമാന്‍ഡിനെ എതിര്‍ക്കുന്നില്ല. അവര്‍ക്ക് വേണ്ടത്ര കാലം തന്നെ കസ്റ്റഡിയില്‍ വെക്കാം. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. പാര്‍ട്ടിക്കുമേല്‍ അഴിമതിയുടെ പുകമറ നിര്‍മിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നത്, കെജ് രിവാള്‍ പറഞ്ഞു. അതേസമയം, എന്തുകൊണ്ട് ഇതെല്ലാം എഴുതി നല്‍കിക്കൂടെന്ന് കോടതി കെജ് രിവാളിനോട് ചോദിച്ചു. പക്ഷേ, തനിക്ക് സംസാരിക്കണമെന്ന് കെജ് രിവാള്‍ മറുപടി നല്‍കിയപ്പോള്‍, അഞ്ചുമിനിറ്റില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കെജ് രിവാള്‍ ഗാലറിക്കുവേണ്ടി കളിക്കുകയാണെന്ന് ഇ.ഡിക്കുവേണ്ടി എ.എസ്.ജി. കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രി ആയതിനാലല്ല അദ്ദേഹത്തെ അറസ്റ്റുചെയ്തത്. കെജ് രിവാള്‍ 100 കോടി ആവശ്യപ്പെട്ടത്തിന് തെളിവുണ്ട്. ബി.ജെ.പിയിലേക്ക് വന്നുവെന്ന് കെജ് രിവാള്‍ പറയുന്ന പണവുമായി മദ്യനയത്തിന് ബന്ധമൊന്നുമില്ലെന്നും എസ്.വി. രാജു പറഞ്ഞു. യഥാര്‍ഥ അഴിമതി ആരംഭിച്ചത് ഇ.ഡി കേസിന് ശേഷമാണെന്ന കെജ്രിവാളിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.





Next Story

RELATED STORIES

Share it