India

സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട് കശ്മീര്‍ ബാലിക ഹിബ നിസാര്‍

ഗുരുതര പരിക്കേറ്റ വലതുകണ്ണിലെ സര്‍ജറി പൂര്‍ത്തിയായെങ്കിലും കാഴ്ച്ച ശക്തി തിരിച്ചു കിട്ടുമെന്ന ഉറപ്പില്ലെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട് കശ്മീര്‍ ബാലിക ഹിബ നിസാര്‍
X

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒന്നര വയസ്സുകാരി ഹിബ നിസാറിന്റെ കാഴ്ച്ച ശക്തി പൂര്‍ണമായും തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. ഗുരുതര പരിക്കേറ്റ വലതുകണ്ണിലെ സര്‍ജറി പൂര്‍ത്തിയായെങ്കിലും കാഴ്ച്ച ശക്തി തിരിച്ചു കിട്ടുമെന്ന ഉറപ്പില്ലെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹിബയെ ചൊവ്വാഴ്ച്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഞായറാഴ്ച്ച പ്രദേശത്ത് സായുധരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാട്ടുകാരിലൊരാളടക്കം എട്ടുപേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അപ്രതീക്ഷിതമായാണ് കശ്മീരിലെ ഗ്രാമീണര്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായത്. കശ്മീരിലെ കപ്‌റിന്‍ ഗ്രാമത്തില്‍ തന്റെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടേയാണ് ഹിബ ആക്രമിക്കപ്പെടുന്നത്. സമരക്കാരെ തടയാനെത്തിയ സുരക്ഷാ സേന യാതൊരു പ്രകോപനവുമില്ലാതെ ഗ്രാമീണരെ പോലും ആക്രമിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. വീടുകള്‍ക്കുള്ളിലേക്ക് ടിയര്‍ ഗ്യാസ് പ്രയോഗിച്ച് ആളുകളെ പുറത്തിറക്കിയാണ് ആക്രമണം അഴിച്ചുവിട്ടത്.

'തങ്ങളുടെ ഗ്രാമത്തില്‍ നിന്നും ഏറെ ദൂരെയാണ് പ്രക്ഷോഭകാരികളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷം ഗ്രാമീണ മേഖലയിലേക്കും വ്യാപിക്കുകയായിരുന്നു. സുരക്ഷാ സൈനികരുടെ ആക്രമണത്തില്‍ വീടിനുള്ളില്‍ പുക നിറഞ്ഞു. ടിയര്‍ ഗ്യാസ് പ്രയോഗിച്ചതോടെ ശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഞങ്ങള്‍ പുറത്തേക്കോടി. ഇതിനിടേയാണ് പെല്ലറ്റ് ആക്രമണത്തില്‍ ഹിബയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.' ഹിബ നിസാറിന്റെ മാതാവ് മര്‍സല ജാന്‍ പറയുന്നു.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കുട്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ ഉത്തരവിടണമെന്നും കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.


Next Story

RELATED STORIES

Share it