India

പൗരത്വ വിഷയം: കര്‍ണാടകയിലെ പ്രഥമ ഡിറ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യ അന്തേവാസി സുദാന്‍ പൗരന്‍

വിദ്യാഭ്യാസ വിസാ കാലാവധി കഴിഞ്ഞിട്ടും ബംഗളൂരുവില്‍ തുടരുന്നതിനിടെ 2016ല്‍ അറസ്റ്റിലായ സുദാനില്‍നിന്നുള്ള മുഹമ്മദ് അഹ്മദ് ഇസ്മാഈലാണ് (25) ആദ്യ അന്തേവാസി. ബംഗളൂരു ഹെസറഘട്ട ഗണപതിപുരയിലെ വീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് ഇദ്ദേഹം 2016 ജനുവരി 31ന് പോലിസ് പിടിയിലായത്.

പൗരത്വ വിഷയം: കര്‍ണാടകയിലെ പ്രഥമ ഡിറ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യ അന്തേവാസി സുദാന്‍ പൗരന്‍
X

ബംഗളൂരു: പൗരത്വം തെളിയിക്കാന്‍ കഴിയാത്തവരെ പാര്‍പ്പിക്കാനുള്ള കര്‍ണാടകയിലെ പ്രഥമ ഡിറ്റന്‍ഷന്‍ സെന്റര്‍ ബംഗളൂരുവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ നെലമംഗള സൊണ്ടെകൊപ്പ ഉള്‍ഗ്രാമത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാഭ്യാസ വിസാ കാലാവധി കഴിഞ്ഞിട്ടും ബംഗളൂരുവില്‍ തുടരുന്നതിനിടെ 2016ല്‍ അറസ്റ്റിലായ സുദാനില്‍നിന്നുള്ള മുഹമ്മദ് അഹ്മദ് ഇസ്മാഈലാണ് (25) ആദ്യ അന്തേവാസി. ബംഗളൂരു ഹെസറഘട്ട ഗണപതിപുരയിലെ വീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് ഇദ്ദേഹം 2016 ജനുവരി 31ന് പോലിസ് പിടിയിലായത്.


2015 ഡിസംബര്‍ 31ന് വിസ കാലാവധി കഴിഞ്ഞിരുന്നു. അപ്പോള്‍ 21 വയസ്സുള്ള മുഹമ്മദ് അഹ്മദ് ഇസ്മാഈല്‍ ബംഗളൂരു ആചാര്യ കോളജില്‍ ബി-ഫാര്‍മ വിദ്യാര്‍ഥിയായിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് തടങ്കല്‍ കേന്ദ്രത്തിന്റെ വിവരം പുറത്തുവന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 35 സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. നാലുഭാഗത്തും പത്തടി ഉയരമുള്ള കനത്ത ഭിത്തി. കമ്പിവേലിക്ക് പുറമെ വൈദ്യുതിക്കമ്പി ചുരുളുകള്‍. രണ്ടുകോണുകളിലായി കൂറ്റന്‍ വാച്ച് ടവറുകള്‍. പ്രവേശന കവാടത്തില്‍ പാറാവുകാരുടെ മുറി. കെട്ടിടത്തില്‍ അന്തേവാസികള്‍ക്കായി ആറ് അറകള്‍.


മൂലകളില്‍ മടക്കിവയ്ക്കാവുന്ന ഇരുമ്പുകട്ടിലുകളുടെ അട്ടികള്‍. ഇടുങ്ങിയ ഇടനാഴികള്‍. കുളി-ശുചിമുറി ഒരെണ്ണം മാത്രം. അടുക്കളയും ഒന്നുതന്നെ- ഇതൊക്കെയാണ്'എല്‍' ഇംഗ്ലീഷ് അക്ഷര രൂപത്തിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഡിറ്റന്‍ഷന്‍ സെന്ററിലെ ക്രമീകരണങ്ങള്‍. 30-40 പേര്‍ക്ക് കഴിയാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പട്ടികജാതി/വര്‍ഗ, ഒബിസി വിദ്യാര്‍ഥികളുടെ ഹോസ്റ്റലിനായി 1992ല്‍ പണിത കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഡീറ്റന്‍ഷന്‍ സെന്ററാക്കിയത്. കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ 2008ല്‍ ഹോസ്റ്റല്‍ അടച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായ സര്‍ക്കാരാണ് ഡിറ്റന്‍ഷന്‍ സെന്റര്‍ പ്രവൃത്തി ആരംഭിച്ചത്.

ബി എസ് യദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. കര്‍ണാടക സാമൂഹികക്ഷേമ വകുപ്പിനാണ് സെന്റര്‍ നടത്തിപ്പ് ചുമതല. ബംഗളൂരു റൂറല്‍ പോലിസിനാണ് സുരക്ഷാ ഉത്തരവാദിത്തം. തടങ്കലില്‍ കഴിയുന്നവര്‍ക്ക് സ്വതന്ത്രമായി ഇവിടെ കഴിയാമെന്നും അനുമതിയോടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താചാനല്‍ റിപോര്‍ട്ട് ചെയ്യുന്നു. കണക്ടിവിറ്റി പ്രശ്നം പരിഹരിച്ചാല്‍ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ടെലഫോണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാവുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it