India

ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ 'ഈ മണ്ണിന്റെ മകന്‍': കര്‍ണാടക ബിജെപി നേതാവ്

കുട്ടികള്‍ ടിപ്പു സുല്‍ത്താന്‍, മഹാത്മാഗാന്ധി തുടങ്ങിയവരെക്കുറിച്ച് പഠിക്കണം. അത് അവരില്‍ രാജ്യാഭിമാനമുയര്‍ത്തും എന്നായിരുന്നു വിശ്വനാഥിന്റെ പ്രതികരണം.

ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഈ മണ്ണിന്റെ മകന്‍: കര്‍ണാടക ബിജെപി നേതാവ്
X

ബംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ പുകഴ്ത്തി കര്‍ണാടകയിലെ ബിജെപി നേതാവ്. ടിപ്പു സുല്‍ത്താന്‍ വിഷയത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തുറന്ന പോര് തുടരുന്നതിനിടെയാണ് ടിപ്പു സുല്‍ത്താനെ 'ഈ മണ്ണിന്റെ മകന്‍' എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവും കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗവുമായ എ എച്ച് വിശ്വനാഥ് രംഗത്തെത്തിയത്. ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യസമര സേനാനിയായി കോണ്‍ഗ്രസ് കണക്കാക്കാമ്പോള്‍ ടിപ്പു ദേശദ്രോഹിയാണെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന് വിരുദ്ധമായാണ് എ എച്ച് വിശ്വനാഥിന്റെ പ്രതികരണം.

18ാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ സ്വാതന്ത്ര്യത്തിനായി പോരാടിയ 'ഈ മണ്ണിന്റെ മകന്‍' ആണ്. കന്നട മണ്ണിലെ സ്വാതന്ത്ര്യസമര വീരനായകനായ സങ്കോളി രായണ്ണയോടാണ് ടിപ്പുവിനെ അദ്ദേഹം ഉപമിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ തെക്കുണ്ടായിരുന്നത് ടിപ്പു സുല്‍ത്താനായിരുന്നു. അതുപോലെ തന്നെ സങ്കോളി രായണ്ണനും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഇവരാണ്. അവരുടെ സ്‌നേഹത്തിനും ത്യാഗത്തിനും രാജ്യം തലകുനിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടിപ്പു സുല്‍ത്താനെക്കുറിച്ച് ബിജെപിക്ക് വ്യത്യസ്ത നിലപാടല്ലേ ഉള്ളതെന്ന ചോദ്യത്തിന്, ടിപ്പു സുല്‍ത്താന്‍ ഒരു പാര്‍ട്ടിയുടെയും മതത്തിന്റെയും ജാതിയുടെയും ആളല്ല. അദ്ദേഹം ഈ മണ്ണിന്റെ മകനാണ്. അദ്ദേഹത്തെ ഏതെങ്കിലും മതത്തിലേക്ക് ചുരുക്കി അപമാനിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കര്‍ണാടകയില്‍ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയതുസംബന്ധിച്ച ചോദ്യത്തിനും വിശ്വനാഥന് കൃത്യമായ വിശദീകരണമുണ്ടായിരുന്നു. കുട്ടികള്‍ ടിപ്പു സുല്‍ത്താന്‍, മഹാത്മാഗാന്ധി തുടങ്ങിയവരെക്കുറിച്ച് പഠിക്കണം. അത് അവരില്‍ രാജ്യാഭിമാനമുയര്‍ത്തും എന്നായിരുന്നു വിശ്വനാഥിന്റെ പ്രതികരണം.

പാഠപുസ്തകങ്ങള്‍ ഞങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നതിനുവേണ്ടിയാണ് അത് മാറ്റിയത്. ടിപ്പു സുല്‍ത്താനെക്കുറിച്ചും നമ്മള്‍ വായിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള എല്ലാവരെയും കുറിച്ച് നാം വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിപ്പു സുല്‍ത്താന്‍ വിഷയത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും ഇപ്പോഴും രൂക്ഷമായ പോരിലാണ്. 2013ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ടിപ്പു ജയന്തി കന്നട സാംസ്‌കാരിക വകുപ്പിന് കീഴില്‍ ഔദ്യോഗിക ആഘോഷമായി സംഘടിപ്പിച്ചിരുന്നു.

ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യസമര സേനാനിയായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍ ടിപ്പു ദേശദ്രോഹിയാണെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. 2019ല്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ ടിപ്പു ജയന്തി റദ്ദാക്കി. പിന്നീടാണ് ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പുസ്തകങ്ങളില്‍നിന്ന് നീക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. പാഠപുസ്തകങ്ങളില്‍നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കേണ്ടതില്ലെന്നായിരുന്നു ഇതെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപോര്‍ട്ട്.

Next Story

RELATED STORIES

Share it