India

ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചു; കഫീല്‍ ഖാനെതിരേ കേസ്

ആംബുലന്‍സ് ഡ്രൈവറുടെ സമ്മതമില്ലാതെ രോഗിയെ പരിശോധിച്ച കഫീല്‍ ഖാനെതിരേ ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് പോലിസ് കേസെടുത്തത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കുറ്റം. ഐപിസി 332, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ഡിയോറിയ സര്‍ക്കിള്‍ ഓഫിസര്‍ ശ്രേയസ്സ് ത്രിപാഠി പറഞ്ഞു.

ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചു; കഫീല്‍ ഖാനെതിരേ കേസ്
X

അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി എംഎല്‍സി സ്ഥാനാര്‍ഥിയും പീഡിയാട്രീഷ്യനുമായ ഡോ. കഫീല്‍ ഖാനെതിരേ കേസ്. ആംബുലന്‍സ് ഡ്രൈവറുടെ സമ്മതമില്ലാതെ രോഗിയെ പരിശോധിച്ച കഫീല്‍ ഖാനെതിരേ ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് പോലിസ് കേസെടുത്തത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കുറ്റം. ഐപിസി 332, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ഡിയോറിയ സര്‍ക്കിള്‍ ഓഫിസര്‍ ശ്രേയസ്സ് ത്രിപാഠി പറഞ്ഞു.

മാര്‍ച്ച് 26നാണ് കേസിന് ആസ്പദമായ സംഭവം. ഡ്രൈവറുടെ സമ്മതമില്ലാതെ കഫീല്‍ ഖാന്‍ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്രൈവറായ പ്രകാശ് പട്ടേല്‍ കോട്‌വാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍മാര്‍ ഡിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ആംബുലന്‍സില്‍ വേണ്ടത്ര ഓക്‌സിജനില്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴേക്ക് രോഗി മരിച്ചുവെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞത്. ഇതിന് ശേഷം കഫീല്‍ സ്ഥലത്തെത്തി രോഗിയെ സമ്മതം കൂടാതെ പരിശോധിച്ചെന്നാണ് പരാതി.

ഇത് സംബന്ധിച്ചുള്ള വീഡിയോ മാര്‍ച്ച് 28ന് കഫീല്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയാണെന്നും ആശുപത്രിയില്‍ താല്‍കാലിക ഓക്‌സിജന്‍ ബാഗുകളും മറ്റു ജീവന്‍ രക്ഷാ സംവിധാനങ്ങളും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

റോഡപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലാക്കി തിരിച്ചുവരവേ, ഒരു യുവാവ് ആംബുലന്‍സിലുള്ള തന്റെ അമ്മയെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു. ആംബുലന്‍സിലും ആശുപത്രിയിലുമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, കഫീല്‍ ഖാന്റെ ആരോപണം തെറ്റാണെന്നാണ് ഡിയോറ അഡീഷണല്‍ മജിസ്‌ട്രേറ്റ് കുന്‍വാര്‍ പങ്കജ് സിങ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

2017 ആഗസ്തില്‍ ഖൊരക്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തിലാണ് കഫീല്‍ ഖാന്‍ രാജ്യശ്രദ്ധയാകര്‍ഷിക്കുന്നത്. വിഷയത്തില്‍ ഖാനെ വേട്ടയാടിയ സര്‍ക്കാര്‍ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശകനായ കഫീല്‍ഖാന്‍ നിരന്തരം ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ നിയമനിര്‍മാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതോടെയാണ് കഫീല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

Next Story

RELATED STORIES

Share it