India

വിര്‍ച്വല്‍ കോടതികള്‍ വഴി നീതി സാധ്യമല്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

രാജ്യത്തെ വിവിധ കോടതികളില്‍ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് പൊതുജനങ്ങളും അഭിഭാഷകരും അന്ധതയിലാണ്.

വിര്‍ച്വല്‍ കോടതികള്‍ വഴി നീതി സാധ്യമല്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് കൈകാര്യം ചെയ്യുകയും വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നതിനെതിരേ പരാതിയുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. വിര്‍ച്വല്‍ കോടതികള്‍വഴി വ്യവഹാരികള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് ബാര്‍ കൗണ്‍സിലിലെ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ കോടതികളില്‍ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് പൊതുജനങ്ങളും അഭിഭാഷകരും അന്ധതയിലാണ്. വിര്‍ച്വല്‍ കോടതി പ്രക്രിയയിലൂടെ വ്യവഹാരികള്‍ക്ക് നീതി ലഭിക്കില്ല.

തൃപ്തികരമല്ലാത്ത വൈ- ഫൈയും മറ്റ് സാങ്കേതികപ്രശ്‌നങ്ങളും കാരണം ഫലപ്രദമായ ഒരു ഹിയറിങ് നടക്കുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവില്ലെന്ന് ഇന്ത്യയിലെ അഭിഭാഷകരെ നിയന്ത്രിക്കുന്ന സംഘടനയായ ബാര്‍ കൗണ്‍സിലിനെ ഉദ്ധരിച്ച് ദി ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്യുന്നു. ചില ആളുകള്‍ ലോക്ക് ഡൗണ്‍ കാലം അനാവശ്യമായി പ്രയോജനപ്പെടുത്തുകയാണ്. മാത്രമല്ല, ഉന്നതതല ബന്ധമുള്ള ചില അഭിഭാഷകരും തിരഞ്ഞെടുത്ത ചില നിയമസ്ഥാപനങ്ങളും നിയമസംവിധാനം ക്രമേണ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു. മുഴുവന്‍ സംവിധാനവും സാധാരണ അഭിഭാഷകരുടെ കൈകളില്‍നിന്ന് പുറത്തുപോവാന്‍ സാധ്യതയുണ്ട്. സാധാരണ നിലയില്‍ കോടതികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ബാര്‍ കൗണ്‍സിലുകളുമായും ബാര്‍ അസോസിയേഷനുകളുമായും കൂടിയാലോചന നടത്തുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം മാര്‍ച്ച് 24 മുതല്‍ സുപ്രിംകോടതി, ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍ എന്നിവ വീഡിയോ കോണ്‍ഫറന്‍സിങ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും സാങ്കേതിക തകരാറുകള്‍ മൂലം ഹിയറിങ്ങുകള്‍ തടസ്സപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകളില്‍നിന്നും അസോസിയേഷനുകളില്‍നിന്നും ലഭിച്ച റിപോര്‍ട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്ക് സമര്‍പ്പിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.

Next Story

RELATED STORIES

Share it