India

മുഖത്തടിച്ചു, ചവിട്ടിവീഴ്ത്തി; ഡല്‍ഹിയില്‍ റിപോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന് പോലിസിന്റെ ക്രൂരമര്‍ദ്ദനം

വെള്ളിയാഴ്ച ഉച്ചയ്ക്ക് വടക്കന്‍ ഡല്‍ഹിയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട പ്രതിഷേധപരിപാടി റിപോര്‍ട്ട് ചെയ്യുകയായിരുന്നു അഹാന്‍. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മോഡല്‍ ടൗണ്‍ പോലിസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു.

മുഖത്തടിച്ചു, ചവിട്ടിവീഴ്ത്തി; ഡല്‍ഹിയില്‍ റിപോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന് പോലിസിന്റെ ക്രൂരമര്‍ദ്ദനം
X

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് വീണ്ടും പോലിസിന്റെ ക്രൂരത. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ റിപോര്‍ട്ടിങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകനെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ തല്ലിച്ചതച്ചത്. 'കാരവന്‍' റിപോര്‍ട്ടര്‍ അഹാന്‍ ജോഷ്വ മെങ്കറാണ് പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. ആദ്യം അഹാന്റെ മുഖത്തടിച്ച ഡല്‍ഹി എസിപി അജയ്കുമാര്‍, പിന്നീട് ചവിട്ടിവീഴ്ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വടക്കന്‍ ഡല്‍ഹിയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട പ്രതിഷേധപരിപാടി റിപോര്‍ട്ട് ചെയ്യുകയായിരുന്നു അഹാന്‍. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മോഡല്‍ ടൗണ്‍ പോലിസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇത് റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പോലിസ് സ്‌റ്റേഷനുള്ളില്‍ കൊണ്ടുപോയ എസിപി അജയ്കുമാര്‍ ആദ്യം തന്റെ മുഖത്തടിച്ചുവെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ അഹാന്‍ പറയുന്നു.

ആദ്യ അടിയില്‍തന്നെ നിലത്തുവീണു. തുടര്‍ന്ന് തന്റെ മുതുകിലും തോളിലും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് മുഖംതാഴ്ത്തിയിരുന്ന തന്റെ മുതുകിലും തലയിലും പിടിച്ച് കുനിച്ചുനിര്‍ത്തി വീണ്ടും പോലിസ് മര്‍ദ്ദനം തുടര്‍ന്നു. തന്റെ കണങ്കാലിന് പോലിസ് ചവിട്ടിയതിന്റെ മദ്രപതിഞ്ഞിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യതലസ്ഥാനത്ത് മൂന്നുമാസത്തിനുള്ളില്‍ പോലിസിന്റെ ആക്രമണത്തിനിരയാവുന്ന കാരവന്റെ നാലാമത്തെ മാധ്യമപ്രവര്‍ത്തകനാണിത്.

ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന അക്രമത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കാരവന്‍ റിപോര്‍ട്ടര്‍ക്കെതിരായ മറ്റ് മൂന്ന് ആക്രമണങ്ങളുമുണ്ടായത്. 14 വയസുള്ള ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന ആരോപണവുമായി കുടുംബം തന്നെയാണ് രംഗത്തുവന്നത്. ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രതികളെ അറസ്റ്റുചെയ്യണമെന്നുമാവശ്യപ്പെട്ടാണ് പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധമുണ്ടായത്.

Next Story

RELATED STORIES

Share it