India

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ
X

റാഞ്ചി: ജാര്‍ഖണ്ഡിലെ ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ മന്ത്രിസ്ഥാനവും 50 കോടി രൂപയും വാഗ്ദാനം ചെയ്ത് ചിലര്‍ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംഎല്‍എ നമാന്‍ ബിക്‌സാല്‍ കൊങ്കാരി രംഗത്ത്. ഇവര്‍ ബിജെപിക്കാരാണോ എന്നതില്‍ ഉറപ്പില്ലെങ്കിലും ബിജെപി നേതാവ് ബാബുലാല്‍ മറാണ്ടിയുടെ പേരുപറഞ്ഞതായും കൊങ്കാരി ആരോപിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മൂന്നുപേരെ ജാര്‍ഖണ്ഡ് പോലിസ് അറസ്റ്റുചെയ്തതിന് പിന്നാലെയാണ് കൊങ്കാരിയുടെ പ്രസ്താവന.

നിവാരന്‍ പ്രസാദ് മഹാട്ടോ, അഭിഷേക് ദുബെ, അമിത് സിങ് എന്നിവരെയാണ് റാഞ്ചിയിലെ ഹോട്ടലില്‍നിന്ന് അറസ്റ്റുചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എനിക്ക് ഒരു മന്ത്രിസ്ഥാനവും വലിയൊരു തുകയും വാഗ്ദാനം ചെയ്തു- ബിക്‌സല്‍ കൊങ്കാരി പറഞ്ഞു. പാര്‍ട്ടിയുടെ ചുമതലയുള്ള രത്തന്‍ജിത് പ്രതാപ് നരേന്‍ സിങ്, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രമേശ്വര്‍ ഓറന്‍, നിയമസഭാ പാര്‍ട്ടി നേതാവ് അലാംഗീര്‍ ആലം എന്നിവരെ താന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകക്ഷിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച ജാര്‍ഖണ്ഡ് നിയമസഭാ പ്രതിപക്ഷ നേതാവ് ബാബുലാല്‍ മറാണ്ടി, അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടു. ഇവരെ ഉടന്‍ മോചിപ്പിക്കണം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ ബാബുലാല്‍ മറാണ്ടി, പോലിസ് ഒരു പാര്‍ട്ടിയുടെ ഉപകരണമായി മാറരുതെന്നും കുറ്റപ്പെടുത്തി. ഇതെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തണം. ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ ജെഎംഎമ്മിനെ സഹായിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ തുറന്നുകാട്ടുമെന്ന് ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ബാബുലാല്‍ മറാണ്ടി പറഞ്ഞു.

അറസ്റ്റിലായ രണ്ടുപേരുടെ കുടുംബാംഗങ്ങളും അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടിരുന്നു. നിവാരന്‍ പ്രസാദ് മഹാട്ടോ പച്ചക്കറി കച്ചവടക്കാരനും അഭിഷേക് ദുബെ കൂലിത്തൊഴിലാളിയുമാണെന്ന് കുടുംബങ്ങള്‍ പറയുന്നു. ബിജെപിയുടെ കള്ളി വെളിച്ചത്തായെന്ന് കോണ്‍ഗ്രസും ജെഎംഎമ്മും ആരോപിച്ചു.

Next Story

RELATED STORIES

Share it