India

ജാമിഅ വെടിവയ്പ്പ്: വിദ്വേഷപ്രചാരണം നടത്തിയ അനുരാഗ് താക്കൂറിന്റെ പാര്‍ലമെന്റ് അംഗത്വം ഒഴിവാക്കണമെന്ന് ടി എന്‍ പ്രതാപന്‍

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുരാഗ് താക്കൂര്‍ നടത്തിയ ദേശദ്രോഹികളെ വെടിവച്ചിടൂ എന്ന ആജ്ഞാപനത്തിന്റെ പരിണിതയാണ് ജാമിഅയിലുണ്ടായതെന്ന് ടി എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തുന്നു.

ജാമിഅ വെടിവയ്പ്പ്: വിദ്വേഷപ്രചാരണം നടത്തിയ അനുരാഗ് താക്കൂറിന്റെ പാര്‍ലമെന്റ് അംഗത്വം ഒഴിവാക്കണമെന്ന് ടി എന്‍ പ്രതാപന്‍
X

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ രാജ്ഘട്ടിലേക്ക് സമാധാനജാഥ നയിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്പ്പുണ്ടായ സാഹചര്യം മുന്‍നിര്‍ത്തി കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറിനെതിരേ ടി എന്‍ പ്രതാപന്‍ എംപി രംഗത്ത്. ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും സ്പീക്കര്‍ക്കും കത്തെഴുതിയിരിക്കുകയാണ് ടി എന്‍ പ്രതാപന്‍. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുരാഗ് താക്കൂര്‍ നടത്തിയ ദേശദ്രോഹികളെ വെടിവച്ചിടൂ എന്ന ആജ്ഞാപനത്തിന്റെ പരിണിതയാണ് ജാമിഅയിലുണ്ടായതെന്ന് ടി എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യംവച്ചാണ് അനുരാഗ് താക്കൂര്‍ ഈ വിവാദപ്രസ്താവന നടത്തിയത്. കഴിഞ്ഞ 48 ദിവസമായി പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്യുന്ന ജാമിഅ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ അക്രമിക്ക് പ്രചോദനമായത് അനുരാഗ് താക്കൂറിന്റെ വിദ്വേഷപ്രസംഗമാണെന്ന് ടി എന്‍ പ്രതാപന്‍ ആരോപിക്കുന്നു. ഇത് പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്ക് സത്യപ്രതിജ്ഞാലംഘനമാണെന്ന് ടി എന്‍ പ്രതാപന്‍ രാഷ്ട്രപതിക്കും സ്പീക്കര്‍ക്കും നല്‍കിയ കത്തില്‍ പറയുന്നു.

സമൂഹത്തില്‍ ഭീതിയുണ്ടാക്കുന്ന, ഹിംസയ്ക്ക് പ്രചോദനം നല്‍കുന്ന, വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഒരു പാര്‍ലമെന്റ് അംഗം ചെയ്യുന്നത് ചട്ടലംഘനമാണ്. മന്ത്രി കൂടിയായ അനുരാഗ് താക്കൂര്‍ ഒരുകാരണവശാലും അത് ചെയ്യരുതായിരുന്നുവെന്നും ടി എന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it