India

ഗസയിലെ വംശഹത്യക്ക് ഇസ്രായേലിന് ഇന്ത്യയുടെ സഹായം; ഡ്രോണുകള്‍ നിര്‍മ്മിച്ചത് അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തില്‍

ഗസയിലെ വംശഹത്യക്ക് ഇസ്രായേലിന് ഇന്ത്യയുടെ സഹായം; ഡ്രോണുകള്‍ നിര്‍മ്മിച്ചത് അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തില്‍
X

ന്യൂഡല്‍ഹി: ഗസയിലെ വംശഹത്യക്ക് ഇസ്രായേലിന് ഇന്ത്യയുടെ സഹായം. ഗസയിലെ ഫലസ്തീനികളെ ആക്രമിക്കുന്നതിനായി ഇസ്രായേലി സൈന്യം ഉപയോഗിച്ച മിലിറ്ററി ഡ്രോണുകള്‍ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തില്‍ നിര്‍മിച്ചവയാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിയായ കമ്പനിയാണ് ഈ മിലിറ്ററി ഡ്രോണുകള്‍ നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കമ്പനി 20ഓളം ഡ്രോണുകള്‍ ഇസ്രായേലിന് നല്‍കിയതായാണ് റിപ്പോര്‍ട്ട്. 20ലധികം ഹെര്‍മിസ് 900 മീഡിയം ആള്‍ട്ടിറ്റിയൂഡ്, ലോങ്ങ് എന്‍ഡുറന്‍സ് യു.എ.വികള്‍ ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് ഏതാനും സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷെപ്പേര്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഹൈദരാബാദിലെ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കമ്പനിയില്‍ നിര്‍മിച്ച കാര്‍ബണ്‍ കോമ്പോസിറ്റ് എയ്‌റോസ്ട്രക്ചറുകള്‍ ഉപയോഗിച്ചാണ് യു.എ.വികള്‍ വിതരണം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 2ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കേന്ദ്ര സര്‍ക്കാരും ഇസ്രായേല്‍ അധികൃതരും അദാനി ഗ്രൂപ്പും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ ഇസ്രായേല്‍ പ്രതിരോധ വക്താവ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും ഡ്രോണാക്രമണത്തിനാണ് ഇരയായിരിക്കുന്നത്. അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസും ഇസ്രായേലിന്റെ എല്‍ബിറ്റ് സിസ്റ്റംസും സംയുക്തമായി നടത്തുന്ന അദാനി എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ആണ് ഡ്രോണുകള്‍ നിര്‍മിച്ചതെന്ന സൂചനയും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു. ഈ കമ്പനിയില്‍ അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2018ല്‍ ഇസ്രായേലിന്റെ എല്‍ബിറ്റ് സിസ്റ്റംസ് 49 ശതമാനം ഓഹരിയുമായി അദാനി ഡിഫന്‍സ്, എയ്‌റോസ്‌പേസ് എന്നിവയുമായി ഒരു സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുകയും ഇസ്രഈലിന് പുറത്ത് ആദ്യമായി യു.എവികള്‍ നിര്‍മിക്കുന്നതിന് ഹൈദരാബാദിലേക്ക് 15 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.





Next Story

RELATED STORIES

Share it