India

ലോക്ക് ഡൗണ്‍: പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് മെയ് 17 വരെ തുടരുമെന്ന് റെയില്‍വേ മന്ത്രാലയം

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതനുസരിച്ചു സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

ലോക്ക് ഡൗണ്‍: പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് മെയ് 17 വരെ തുടരുമെന്ന് റെയില്‍വേ മന്ത്രാലയം
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയ നടപടി മെയ് 17 വരെ ദീര്‍ഘിപ്പിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. പ്രീമിയം ട്രെയിനുകള്‍, മെയില്‍/എക്‌സ്പ്രസ് ട്രെയിനുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍, സബര്‍ബന്‍ ട്രെയിനുകള്‍, കൊല്‍ക്കത്ത മെട്രോ റെയില്‍, കൊങ്കണ്‍ റെയില്‍വേ തുടങ്ങി എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും മെയ് 17 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

അതേസമയം, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതനുസരിച്ചു സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് പ്രകാരമായിരിക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസ്. ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ പ്രവര്‍ത്തനം നിലവിലുള്ളതുപോലെ തുടരുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

പുതിയ ഉത്തരവുണ്ടാവുന്നതുവരെ ഇ- ടിക്കറ്റിങ് ഉള്‍പ്പടെ എല്ലാ ടിക്കറ്റ് ബുക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, ഓണ്‍ലൈന്‍ ടിക്കറ്റ് റദ്ദാക്കല്‍ നടപടികള്‍ക്ക് തടസ്സമില്ല. ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക പാര്‍സല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിത്തുകള്‍ എന്നിവയുടെ വിതരണമാണ് നടക്കുന്നത്. കൊവിഡ്- 19 രോഗികള്‍ക്കായി റെയില്‍വേ ഇതിനകം 5,000 കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റി. കൂടാതെ 15,000 കോച്ചുകള്‍കൂടി ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ പദ്ധതിയുണ്ടെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it