India

ഇന്ത്യക്ക് മോദിയുടെ പേര് നല്‍കുന്ന ദിവസം വിദൂരമല്ല; പരിഹസിച്ച് മമത

ഗുജറാത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓരോ ദിവസവും നാല് ബലാൽസംഗങ്ങളും രണ്ട് കൊലപാതകങ്ങളും നടക്കുന്നുവെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.

ഇന്ത്യക്ക് മോദിയുടെ പേര് നല്‍കുന്ന ദിവസം വിദൂരമല്ല; പരിഹസിച്ച് മമത
X

കൊല്‍ക്കത്ത: ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കുന്ന ദിവസം വിദൂരമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നല്‍കി. കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോവച്ചു. തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. രാജ്യത്തിനു തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നതെന്ന് വനിതാദിന റാലിയെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞു.

പ്രധാനമന്ത്രി കൊല്‍ക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിനെ ബി ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും ബ്രിഗേഡ് ഗ്രൗണ്ടില്‍ മോദി കഴിഞ്ഞ ദിവസം നടത്തിയ റാലിയുടെ പേരെടുത്ത് പറയാതെ അവര്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബിജെപി നേതാക്കള്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. ഇവിടെയെത്തി പച്ചക്കള്ളങ്ങള്‍ പറയുകയാണ് അവര്‍ ചെയ്യുന്നത്.

സ്ത്രീ സുരക്ഷയെപ്പറ്റി അവര്‍ വാചാലരാവുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്. മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിലെ അവസ്ഥയെന്താണ്. 'മാതൃകാ സംസ്ഥാന'മായ ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തുന്നത്.

ഗുജറാത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓരോ ദിവസവും നാല് ബലാൽസംഗങ്ങളും രണ്ട് കൊലപാതകങ്ങളും നടക്കുന്നുവെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍. പശ്ചിമ ബംഗാളിലെ 294 സീറ്റുകളും ബിജെപിയും താനും തമ്മില്‍ നേരിട്ടുള്ള മൽസരമാണ് നടക്കുന്നതെന്നും മമത അവകാശപ്പെട്ടു.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച റാലി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഡോറിന ക്രോസിങ്ങിലാണ് അവസാനിച്ചത്. മുതിര്‍ന്ന തൃണമൂല്‍ നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യ, മാല റോയ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it