India

കൊവിഡ് മരണത്തില്‍ കൃത്യത വേണം; തെറ്റായ കണക്കുകള്‍ പ്രതിരോധത്തെ ബാധിക്കും: എയിംസ് ഡയറക്ടര്‍

മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകൾ ആവശ്യമാണ്.

കൊവിഡ് മരണത്തില്‍ കൃത്യത വേണം; തെറ്റായ കണക്കുകള്‍ പ്രതിരോധത്തെ ബാധിക്കും: എയിംസ് ഡയറക്ടര്‍
X

ന്യൂഡൽഹി: കൊവിഡ് അനുബന്ധ മരണം സംബന്ധിച്ച കണക്കുകള്‍ തെറ്റായി തരംതിരിക്കുന്നത് വൈറസിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ ബാധിക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. കൊവിഡ് മരണത്തിന്റെ വ്യക്തമായ കണക്കുകൾ ലഭിക്കാൻ സംസ്ഥാനങ്ങളും ആശുപത്രികളും കൊവിഡ് മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും ഗുലേറിയ ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങൾ കൊവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്നുള്ള റിപോർട്ടുകളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകൾ ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങളും ആശുപത്രികളും കൊവിഡ് മരണം ഓഡിറ്റ് ചെയ്യണം. കൃത്യമായ വിവരങ്ങൾ കൈവശമില്ലെങ്കിൽ മരണനിരക്ക് കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ ജനിതകമാറ്റവും രോഗത്തിനെതിരായുള്ള പ്രതിരോധത്തിലെ വീഴ്ചയുമാണ് ഇന്ത്യയിലും ആഗോളതലത്തിലും കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. വൈറസിന് ജനിതകമാറ്റം സ്വഭാവികമാണ്. രോഗികളുടെ എണ്ണവും മരണ സംഖ്യയും വർധിക്കുന്നതിനിടയിലും ആളുകളുടെ ശ്രദ്ധക്കുറവാണ് വൈറസിന്റെ അടുത്ത തരംഗത്തിന് വഴിവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൊവിഡ് ബാധിച്ചാലും ആരോഗ്യസ്ഥിതി ഗുരുതരമാകാതെ സംരക്ഷണം നൽകാൻ വാക്സിന് സാധിക്കും. കൊവിഷീൽഡ് ഡോസ് സ്വീകരിക്കേണ്ട ഇടവേള സംബന്ധിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ട്. 12-13 ആഴ്ചയ്ക്കുള്ളിൽ വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നതാണ് ഉചിതമെന്നാണ് നിലവിലെ വിലയിരുത്തൽ. പുതിയ പഠനങ്ങൾ വരുമ്പോൾ ഇതിൽ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it