India

അടിക്ക് തിരിച്ചടി; കൂറുമാറ്റത്തില്‍ ബിജെപിയും; രാജസ്ഥാനിലേയും ഹരിയാനയിലെയും ബിജെപി സിറ്റിങ് എംപിമാര്‍ കോണ്‍ഗ്രസില്‍

അടിക്ക് തിരിച്ചടി; കൂറുമാറ്റത്തില്‍  ബിജെപിയും; രാജസ്ഥാനിലേയും ഹരിയാനയിലെയും ബിജെപി സിറ്റിങ് എംപിമാര്‍ കോണ്‍ഗ്രസില്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കൂറുമാറ്റത്തില്‍ കുടുങ്ങി ബിജെപിയും. ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് ഹരിയാന എംപി ബ്രിജേന്ദ്ര സിംങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാനിലെ ചുരു മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി രാഹുല്‍ കസ്വാനാണ് പാര്‍ട്ടി വിട്ട മറ്റൊരു എംപി. രാഹുലും താമസിയാതെ കോണ്‍ഗ്രസില്‍ ചേരും.

രാജസ്ഥാനില്‍ നിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. എക്സില്‍ രാജി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തിയായിരുന്നു ബ്രിജേന്ദ്ര സിങിന്റെ കോണ്‍ഗ്രസ് പ്രവേശനം. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചൗധരി ബീരേന്ദര്‍ സിങ്ങിന്റെ മകനായ ബ്രിജേന്ദ്ര സിങ് ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. നിരവധി പാര്‍ലമെന്ററി പാനലുകളിലും അദ്ദേഹം അംഗമാണ്. ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കൂടിയാണ് ബ്രിജേന്ദ്ര സിങ്.

നിര്‍ബന്ധിത രാഷ്ട്രീയ കാരണങ്ങളാല്‍ രാജി വെക്കുകയാണെന്നാണ് ബ്രിജേന്ദ്ര സിംങ് അറിയിച്ചിച്ചത്. കര്‍ഷക സമരം മുതല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം വരെ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും ബ്രിജേന്ദ്ര സിംങ് പറഞ്ഞു. പ്രമുഖ ജാട്ട് നേതാവ് ഛോട്ടു റാമിന്റെ കൊച്ചുമകണ് കൂടിയാണ് ബ്രിജേന്ദ്ര സിങ്.

'ആശയപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ കാരണമാണ് ബിജെപി വിട്ടതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. നിര്‍ബന്ധിത രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. എനിക്ക് ഹിസാറിലെ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പാര്‍ട്ടിയോടും, ദേശീയ അധ്യക്ഷന്‍ ശ്രീ. ജെപി നദ്ദ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോടും നന്ദി പറയുന്നു,'- എന്നായിരുന്നു ഹരിയാന എംപി എക്‌സില്‍ കുറിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ദീപക് ബാബരിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ബ്രിജേന്ദ്ര സിങ് ഹിസാറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.







Next Story

RELATED STORIES

Share it