India

അഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍

അഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍
X
അഹമ്മദാബാദ്: ഗുജറാത്തില്‍ ആറുനൂറ്റാണ്ടോളം പഴക്കമുള്ള ദര്‍ഗക്ക് നേരെ ആക്രമണം. അഹമ്മദാബാദിലെ പ്രാന്തപ്രദേശമായ പിരാനയിലെ ഇമാം ഷാ ബാവായുടെ ആരാധാനാലയത്തിനു നേരെയാണ് ആക്രമണം നടന്നത്. ഹിന്ദുത്വ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ അഹമ്മദാബാദിലെ പ്രാന്തപ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസില്‍ 30 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

ദര്‍ഗയിലുണ്ടായിരുന്ന സൂഫി സന്ന്യാസി ഇമാം ഷായുടെ ഖബറിടം അക്രമകാരികള്‍ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞു. അഹമ്മദാബാദിലെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ പ്രതീകമായിരുന്നു ഈ ആരാധനാലയം. ഹിന്ദുക്കളും മുസ്ലിങ്ങളും ഇതിന്റെ നടത്തിപ്പുകാരായിരുന്നു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ആരാധനാലയത്തില്‍ മുസ്ലിം വിശ്വാസികളും ചില ഹിന്ദുത്വ വാദികളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇരുകൂട്ടരും ചേരി തിരിഞ്ഞ് കല്ലെറിയാനും പരസ്പരം ആക്രമിക്കാനും തുടങ്ങി.

ഇതിനുപിന്നാലെയാണ് ഒരുവിഭാഗമാളുകള്‍ ആരാധനാലയം അടിച്ചു തകര്‍ത്തത്. ദര്‍ഗക്കുള്ളിലെ ചില സ്തൂപങ്ങളും ജനല്‍ ചില്ലുകളും അക്രമകാരികള്‍ തകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ദര്‍ഗയില്‍ കാവിക്കൊടി നാട്ടിയതായും ദൃശ്യങ്ങളില്‍ കാണാം. പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയിലായിരുന്നു സംഭവം. ഇമാം ഷാ ബാവ റോസാ ട്രസ്റ്റ് അംഗങ്ങളാണ് തന്നെ അക്രമം നടന്ന വിവരം അറിയിച്ചതെന്ന് അഹമ്മദാബാദ് പോലിസ് ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് ജാട്ട് പറഞ്ഞു. ഇമാം ഷായുടെ ഖബറിടം തകര്‍ക്കപ്പെട്ടതറിഞ്ഞ് നിരവധി ആളുകള്‍ സംഭവസ്ഥലത്തേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ദര്‍ഗ ആക്രമിച്ചവരെയല്ലെന്നും പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെയാണെന്നും പോലിസ് പറഞ്ഞു. ആക്രമണത്തില്‍ ഒരു പോലിസുകാരനടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.




Next Story

RELATED STORIES

Share it