India

കൊറോണയെ നേരിടാന്‍ 'ഗോമൂത്ര വിരുന്നു'മായി ഹിന്ദുമഹാസഭ

ഡല്‍ഹിയിലെ ഹിന്ദുമഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുക. തുടര്‍ന്ന് ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും.

കൊറോണയെ നേരിടാന്‍ ഗോമൂത്ര വിരുന്നുമായി ഹിന്ദുമഹാസഭ
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിനെ നേരിടാന്‍ 'ഗോമൂത്ര വിരുന്ന്' നടത്താനൊരുങ്ങി ഹിന്ദുമഹാസഭ. ഇന്ത്യയില്‍ ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു നടപടിയെന്നാണ് സംഘടന പ്രസിഡന്റ് ചക്രപാണി മഹാരാജ് പറഞ്ഞതായി ദി പിന്റ് റിപോര്‍ട്ട് ചെയ്തു. ഗോമൂത്രവും ചാണകവുമെല്ലാം കൊറോണ വൈറസിനെ പ്രതിരോധിക്കും.

ഡല്‍ഹിയിലെ ഹിന്ദുമഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുക. തുടര്‍ന്ന് ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും. കൊറോണയെ തുരത്താന്‍ ഞങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയാറുള്ള രാജ്യത്തെ ഗോശാല നടത്തിപ്പുകാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോമൂത്രത്തിന് പുറമെ ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാണന്നും ഹിന്ദുമഹാസഭ അവകാശപ്പെട്ടു.

'ചായ സല്‍ക്കാരം പോലെ തന്നെ ഗോമൂത്രസല്‍ക്കാരവും സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവിടെ എത്തുന്ന ജനങ്ങള്‍ക്ക് കൊറോണ വൈറസിനെപ്പറ്റി പറഞ്ഞുമനസ്സിലാക്കികൊടുക്കും. പരിപാടിയില്‍ ഗോമൂത്രം വിതരണം ചെയ്യുന്നതിനായി കൗണ്ടറുകളുണ്ടാവും. കൂടാതെ ചാണകംകൊണ്ടുള്ള കേക്കുകളും ചന്ദനത്തിരികളുമെല്ലാം നല്‍കും. പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്നും പറഞ്ഞുകൊടുക്കും. മൃഗങ്ങള്‍ സഹായത്തിനുവേണ്ടി കരയുന്നതുകേട്ടാണ് കൊറോണ വന്നത്' - ഹിന്ദുമഹാസഭ അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം, നേരത്തെ കൊറോണ വൈറസിനെ ചാണകം ഉപയോഗിച്ച് ഇല്ലാതാക്കാമെന്ന് അസമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയയും പറഞ്ഞിരുന്നു. ചാണകത്തെക്കുറിച്ചും ഗോമൂത്രത്തെക്കുറിച്ചും സര്‍ക്കാര്‍ ഗവേഷണം നടത്തുന്നുണ്ടന്നും ചാണകം കത്തിക്കുമ്പോള്‍ അതില്‍നിന്നുണ്ടായ പുക വൈറസിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണെന്നായിരുന്നു ഹരിപ്രിയയുടെ വാദം. കേരളത്തില്‍ പ്രളയം വന്നത് ബീഫ് തിന്നുന്നതുകൊണ്ടാണെന്ന ചക്രപാണിയുടെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it