Top

ഹാഷിംപുര: കണ്ണീരുണങ്ങാത്ത കൂട്ടക്കുരുതിയുടെ 33 വര്‍ഷങ്ങള്‍

ഹാഷിംപുരയില്‍നിന്ന് പിഎസി 324 പേരെ കസ്റ്റഡിയിലെടുത്തു. ആളുകളെ കുത്തിനിറച്ച ട്രക്കുകള്‍ പോലിസ് സ്റ്റേഷനുകളിലേക്ക് പാഞ്ഞു. എന്നാല്‍, 42 പേരുണ്ടായിരുന്ന ഒരു ട്രക്ക് ഗാസിയാബാദിലെ മുറാദ്‌നഗറിലെ അപ്പര്‍ ഗംഗാ കനാല്‍ ലക്ഷ്യമിട്ടാണ് നീങ്ങിയത്. ട്രക്ക് കനാലിന് അരികില്‍ നിര്‍ത്തിയിട്ട ശേഷം ഒരോരുത്തരെയും പുറത്തിറക്കി വെടിവച്ചുവീഴ്ത്തി.

ഹാഷിംപുര: കണ്ണീരുണങ്ങാത്ത കൂട്ടക്കുരുതിയുടെ 33 വര്‍ഷങ്ങള്‍
X

ന്യൂഡല്‍ഹി: 1987 മെയ് 22, റമദാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു. അന്ന് രാത്രിയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ഹാഷിംപുരയില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട 42 ചെറുപ്പക്കാരെ ഉത്തര്‍പ്രദേശ് പോലിസിന്റെ സായുധവിഭാഗം വെടിവച്ചുകൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ മനുഷ്യാവകാശലംഘനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഹാഷിംപുര കൂട്ടക്കൊലയുടെ സ്ഥാനം ഏറ്റവും മുന്നില്‍തന്നെയാവും. 33 വര്‍ഷം പിന്നിട്ടിട്ടും ഹാഷിംപുരയുടെ കണ്ണീരോര്‍മകള്‍ ഏവരുടെയും മനസ്സില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുകയാണ്. അന്ന് വെടിവയ്പ്പിനെ അതീജീവിച്ച 16കാരനായിരുന്ന മുഹമ്മദ് സുള്‍ഫിക്കര്‍ നസീറാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയത്.

ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ഹാഷിംപുരയിലും സമീപപ്രദേശമായ മാലിയാനയിലും പിഎസി കൂട്ടക്കുരുതി നടത്തുമ്പോള്‍ ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു. ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ ബാബരി മസ്ജിദ് തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് മീററ്റിലുണ്ടായ കലാപം അമര്‍ച്ച ചെയ്യാനെന്ന പേരിലാണ് കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലെ പ്രാദേശിക പോലിസ് സേനാവിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയെ (പിഎസി) സര്‍ക്കാര്‍ അഴിച്ചുവിട്ടത്. സുരീന്ദര്‍പാല്‍ സിങ് എന്ന പോലിസ് ഉദ്യോഗസ്ഥനായിരുന്നു ഈ സായുധസേനയുടെ തലവന്‍.

ഹാഷിംപുരയില്‍നിന്ന് പിഎസി മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട 324 പേരെ കസ്റ്റഡിയിലെടുത്തു. ആളുകളെ കുത്തിനിറച്ച ട്രക്കുകള്‍ പോലിസ് സ്റ്റേഷനുകളിലേക്ക് പാഞ്ഞു. എന്നാല്‍, 42 പേരുണ്ടായിരുന്ന ഒരു ട്രക്ക് ഗാസിയാബാദിലെ മുറാദ്‌നഗറിലെ അപ്പര്‍ ഗംഗാ കനാല്‍ ലക്ഷ്യമിട്ടാണ് നീങ്ങിയത്. ട്രക്ക് കനാലിന് അരികില്‍ നിര്‍ത്തിയിട്ട ശേഷം ഒരോരുത്തരെയും പുറത്തിറക്കി വെടിവച്ചുവീഴ്ത്തി. മൃതദേഹങ്ങള്‍ക്കൊപ്പം പരിക്കേറ്റവരെയും കനാലിലേക്ക് തള്ളിയിട്ടു. ഈ സമയം അതുവഴി ഒരുവാഹനം കടന്നുപോയതിനാല്‍, ശേഷിച്ചവരെയുംകൊണ്ട് ട്രക്ക് മുന്നോട്ടുനീങ്ങി. ഗാസിയാബാദിലെ ഹിന്ദോണ്‍ കനാലിന്റെ സമീപമാണ് അവശേഷിച്ചവരെ വെടിവച്ചുവീഴ്ത്തിയത്.

ഗാസിയാബാദ് ജില്ലാ സൂപ്രണ്ടായ വിഭൂതി നാരായണ്‍ റായ് നടത്തിയ ഇടപെടലാണ് കേസന്വേഷണത്തിന് കാരണമായത്. ആ രാത്രിയില്‍ തനിക്ക് ലഭിച്ച ഫോണ്‍കോളിനെത്തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റായ നജീം സെയ്ദിയോടൊപ്പം കനാലിന് സമീപമെത്തിയ റായ് കണ്ടത് കനാലിനും സമീപത്തുമായി പകുതി വെള്ളത്തിലും ബാക്കി പകുതി മുകളിലുമായി കിടക്കുന്ന ശവശരീരങ്ങളാണ്. വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ നടത്തിയ തിരച്ചിലില്‍ ചില ശരീരങ്ങളില്‍ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു. സംഭവം മറച്ചുവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വിഭൂതി നാരായണ്‍ റായ് തന്റെ 'ഹാഷിംപുര 22 മെയ്' എന്ന പുസ്തകത്തില്‍ വിവരിക്കുന്നു.

28 വര്‍ഷത്തോളം കോടതിയില്‍ നീണ്ട വിചാരണയില്‍ പ്രതിചേര്‍ക്കപ്പെട്ട 16 പോലിസ് സേനാംഗങ്ങളെ കുറ്റവിമുക്തരാക്കി. എന്നാല്‍, പിന്നീട് ഡല്‍ഹി ഹൈക്കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂട്ടക്കുരുതിയില്‍നിന്ന് രക്ഷപ്പെട്ടവരില്‍ 16 വയസ്സുകാരനായ സുള്‍ഫിക്കര്‍ നസീറുമുണ്ടായിരുന്നു. സുള്‍ഫിക്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ക്കുന്നു- ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങുകയായിരുന്നു. ആകാശത്തുനിന്നിറങ്ങി വന്നപോലെ നിമിഷങ്ങള്‍ക്കകം ആ പ്രദേശത്താകെ പോലിസ് സേന നിറഞ്ഞുകവിഞ്ഞു. വീടുകള്‍ കയറിയിറങ്ങിയ പോലിസ് ഏതാനും യുവാക്കളെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി. എല്ലാവരും തങ്ങളെ എങ്ങോട്ടാണുകൊണ്ടുപോവുന്നതെന്ന പരിഭ്രാന്തിയിലായിരുന്നു.

ഒരു കനാലിനടുത്ത് വാഹനം നിര്‍ത്തി. എന്നെ അവര്‍ ട്രക്കില്‍നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു.തോക്കുകള്‍ക്ക് മുന്നില്‍ കൊണ്ടുനിര്‍ത്തി. പക്ഷേ, വെടികൊണ്ടത് തോളിനോട് ചേര്‍ന്നാണ്. പക്ഷേ, ഞാന്‍ മരിച്ചത് പോലെ കിടന്നു. അവര്‍ എന്നെയും മൃതദേഹങ്ങളുടെ കൂട്ടത്തിലിട്ടു. പിന്നെ, അവര്‍ ഒരോ മൃതദേഹങ്ങളെയും കനാലിലേക്ക് വലിച്ചെറിഞ്ഞു. ഗാസിയാബാദ് ജില്ലയിലെ മുറാദ് നഗറായിരുന്നു അതെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ഭാഗ്യത്തിന് അടുത്തുതാമസിക്കുന്ന മുസ്ലിം മധ്യവയസ്‌കനെ കണ്ടു. ഞാനെന്റെ കഥ മുഴുവന്‍ വിവരിച്ചു സഹായത്തിനപേക്ഷിച്ചു. വേണ്ട പരിചരണം നല്‍കി അദ്ദേഹം എന്നെ ഗാസിയാബാദിലെ കുടുംബക്കാരുടെ അടുക്കലെത്തിക്കുകയായിരുന്നു- സുള്‍ഫിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it