India

20 ലധികം താമസക്കാര്‍ക്ക് കൊവിഡ്; ഗുരുഗ്രാമില്‍ പാര്‍പ്പിട സമുച്ഛയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

പുതുതായി രോഗം സ്ഥിരീകരിച്ച 199 പേരില്‍ 62 രോഗികള്‍ ഗുരുഗ്രാമില്‍നിന്നാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം ഗുരുഗ്രാമില്‍ ഇരട്ടിയായി. കഴിഞ്ഞദിവസം 29 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചതെങ്കില്‍ ശനിയാഴ്ച ഇത് 62 ആയി ഉയര്‍ന്നു.

20 ലധികം താമസക്കാര്‍ക്ക് കൊവിഡ്; ഗുരുഗ്രാമില്‍ പാര്‍പ്പിട സമുച്ഛയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
X

ചണ്ഡിഗഢ്: ഇരുപതിലധികം താമസക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഗുരുഗ്രാമിലെ പാര്‍പ്പിട സമുച്ഛയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് സംഘടിപ്പിച്ച പരിശോധനാക്യാംപിലാണ് ഗുരുഗ്രാം സെക്ടര്‍ 67 ലെ പാര്‍പ്പിട സമുച്ഛയത്തിലെ മൂന്ന് പേര്‍ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് മറ്റുള്ള താമസക്കാരില്‍നിന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചത്. പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് പാര്‍പ്പിട സമുച്ചയത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതെന്നും കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ജെ പ്രകാശ് വ്യക്തമാക്കി.

199 പേര്‍ക്കാണ് ഹരിയാനയില്‍ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,70,610 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 199 പേരില്‍ 62 രോഗികള്‍ ഗുരുഗ്രാമില്‍നിന്നാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം ഗുരുഗ്രാമില്‍ ഇരട്ടിയായി. കഴിഞ്ഞദിവസം 29 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചതെങ്കില്‍ ശനിയാഴ്ച ഇത് 62 ആയി ഉയര്‍ന്നു. കര്‍നാല്‍, കുരുക്ഷേത്ര, പഞ്ചകുള എന്നിവയില്‍ യഥാക്രമം 33, 29, 20 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 3,047 ആയിട്ടുണ്ട്.

ഗുഡ്ഗാവ്, അംബാല, കര്‍ണാല്‍ ജില്ലകളില്‍ ഓരോ മരണവും പുതുതായി രേഖപ്പെടുത്തി. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം വെള്ളിയാഴ്ചത്തെ 1,103 ല്‍നിന്ന് ശനിയാഴ്ച 1,205 ആയി ഉയര്‍ന്നു. 2,66,358 പേരുടെ രോഗം ഭേദമായി. രോഗമുക്തി നിരക്ക് 98.43 ശതമാനമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ വിതരണം ഊര്‍ജിതമായി നടക്കുമ്പോഴും ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബംഗളൂരു, മുംബൈ ഉള്‍പ്പെടെ ചില നഗരങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

103 പേര്‍ക്കാണ് ബംഗളൂരുവിലെ ഒരു പാര്‍പ്പിടസമുച്ചയത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ 127 കെട്ടിടങ്ങള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അടച്ചു. അഞ്ചില്‍ കൂടുതല്‍ വൈറസ് കേസുകളുള്ള ഏതെങ്കിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ മുദ്രവയ്ക്കുമെന്ന് ബിഎംസി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it