India

വനിതാ സംവരണ ബില്ല് നടപ്പാക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകള്‍ 50% വര്‍ധിപ്പിച്ച്, വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കാനാണ് പദ്ധതി

വനിതാ സംവരണ ബില്ല് നടപ്പാക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് നടപ്പാക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനായി ലോക്‌സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം കൂട്ടുകയെന്ന പുതിയ നിര്‍ദ്ദേശമാണ് അവതരിപ്പിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള വനിതാ സംവരണ നിയമം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

അഞ്ച് പാര്‍ട്ടികളുടെ നേതാക്കളുമായി അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് വനിതാ സംവരണബില്ല് നടപ്പാക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. നേരത്തെ പാസാക്കിയ നാരീ ശക്തി വന്ദന്‍ നിയമപ്രകാരം 2026ലെ സെന്‍സസും ഇതിന് ശേഷമുള്ള മണ്ഡല പുനര്‍നിര്‍ണയവുമനുസരിച്ച് വനിതാ സംവരണ സീറ്റുകള്‍ നിശ്ചിയിക്കാനായിരുന്നു നിര്‍ദേശം.

പുതിയ നിര്‍ദേശപ്രകാരം ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകള്‍ കൂട്ടാനാണ് നിര്‍ദേശം. ഇതില്‍ 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. കേരളത്തില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിര്‍ദേശം നടപ്പാകുകയാണെങ്കില്‍ വര്‍ദ്ധിക്കും.

പ്രതിപക്ഷ പാര്‍ട്ടികളുമായി ഇതിനായി സമവായമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്. കാബിനറ്റ് അംഗീകാരത്തിന് ശേഷം ഭേദഗതി ബില്ല് അടുത്ത ആഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. 2023ല്‍ പാസാക്കിയ വനിതാ സംവരണ നിയമ പ്രകാരം ലോകസഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവെക്കും.

ഇന്നത്തെ ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നില്ല. ശിവസേന ഉദ്ദവ് വിഭാഗം, എന്‍സിപി ശരദ് പവാര്‍ വിഭാഗം, ബിജെഡി അടക്കമുള്ള പാര്‍ട്ടികളെയാണ് ചര്‍ച്ചക്ക് വിളിച്ചത്. നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുകയാണെങ്കില്‍ ബില്ല് പാസാക്കാന്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ജനസംഖ്യാകണക്കെടുപ്പ്, മണ്ഡല പുനര്‍നിര്‍ണയം എന്നിവയ്ക്ക് ശേഷം മാത്രമേ സംവരണം പ്രാബല്യത്തില്‍ വരൂ എന്നാണ് നിയമത്തില്‍ പറയുന്നത്. നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ സെന്‍സസിന് ശേഷം നടത്തുന്ന മണ്ഡലപുനര്‍നിര്‍ണയ നടപടികള്‍ക്ക് ശേഷമേ വനിതാ സംവരണം നടപ്പിലാക്കാനാകു. നിയമത്തിലെ ഈ വകുപ്പിലാണ് ഭേദഗതി കൊണ്ടുവരാനൊരുങ്ങുന്നത്.

Next Story

RELATED STORIES

Share it