India

'പാകിസ്താനിലേക്ക് പോവൂ' പരാമര്‍ശം; മീററ്റ് എസ്പിയ്ക്ക് ഡിജിപിയുടെ ശാസന മാത്രം (വീഡിയോ)

കഴിഞ്ഞ ഡിസംബര്‍ 20 നാണ് കാണ്‍പൂരിലെ പ്രക്ഷോഭകാരികളോട് പാകിസ്താനിലേക്ക് പോവാന്‍ എസ്പി ഭീഷണിപ്പെടുത്തിയത്. ജുംഅ നമസ്‌കാരത്തിനുശേഷം പ്രതിഷേധത്തിനെത്തിയവരോടായിരുന്നു അഖിലേഷ് സിങ് വര്‍ഗീയച്ചുവയോടെ സംസാരിച്ചത്.

പാകിസ്താനിലേക്ക് പോവൂ പരാമര്‍ശം; മീററ്റ് എസ്പിയ്ക്ക് ഡിജിപിയുടെ ശാസന മാത്രം (വീഡിയോ)
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരോട് പാകിസ്താനിലേക്ക് പോവാന്‍ ആക്രോശിച്ച മീററ്റ് എസ്പിക്ക് ഉത്തര്‍പ്രദേശ് ഡിജിപിയുടെ ശാസന. ഡിജിപി ഒപി സിങ് ആണ് മീററ്റ് എസ്പി അഖിലേഷ് നാരായന്‍ സിങ്ങിനെ ശാസിച്ചത്. ഇനി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഡിജിപി എസ്പിക്ക് താക്കീത് നല്‍കി. ഭരണഘടനാ ചുമതലയില്‍നിന്ന് വ്യതിചലിക്കരുത്. ആരുടെയും വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമുണ്ടാവരുത്. ഇനി മാധ്യമങ്ങള്‍ വിവാദം അവസാനിപ്പിക്കണമെന്നും ഡിജിപി വ്യക്തമാക്കുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എസ്പിയോട് ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും ഡിജിപി കൂട്ടിച്ചേര്‍ത്തു. അതേസമയം, വര്‍ഗീയമായ രീതിയില്‍ ഇടപെട്ട എസ്പിക്കെതിരായ നടപടി ഡിജിപിയുടെ ശാസനയില്‍ മാത്രം ഒതുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

കേന്ദ്രമന്ത്രിയടക്കം ഇടപെട്ടിട്ടും എസ്പിക്കെതിരേ കൂടുതല്‍ അച്ചടക്ക നടപടിയുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് കാണ്‍പൂരിലെ പ്രക്ഷോഭകാരികളോട് പാകിസ്താനിലേക്ക് പോവാന്‍ എസ്പി ഭീഷണിപ്പെടുത്തിയത്. ജുംഅ നമസ്‌കാരത്തിനുശേഷം പ്രതിഷേധത്തിനെത്തിയവരോടായിരുന്നു അഖിലേഷ് സിങ് വര്‍ഗീയച്ചുവയോടെ സംസാരിച്ചത്. മീററ്റിലെ ഒരു ഇടുങ്ങിയ വഴിയിലൂടെ മറ്റു പോലിസുകാര്‍ക്കൊപ്പം എസ്പി നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. എതിരേ വന്ന മുസ്‌ലിംകളോട് എവിടെ പോവുകയാണെന്ന് എസ്പി ചോദിക്കുന്നുണ്ട്. പ്രാര്‍ഥനയ്ക്കാണെന്ന് അവരുടെ മറുപടി.

എന്നാല്‍, നിങ്ങളെ പോലെയുള്ളവരോട് പാകിസ്താനിലേക്ക് പോവാന്‍ പറയുന്നതാണ് നല്ലതെന്ന് എസ്പി പറയുന്നു. നിങ്ങള്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും എസ്പി പറയുന്നുണ്ട്. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എസ്പിക്കെതിരേ വലിയ പ്രതിഷേധമുയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി എന്നിവരും എസ്പിക്കെതിരേ രംഗത്തുവന്നു. മീററ്റ് എസ്പിയുടെ വാക്കുകള്‍ അപലപനീയമാണെന്നും എസ്പിക്കെതിരേ അടിയന്തരനടപടിയെടുക്കണമെന്നും കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് എസ്പിയെ ഡിജിപി വിളിച്ചുവരുത്തി ശാസിച്ചത്.

Next Story

RELATED STORIES

Share it