India

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കും, ഇല്ലെങ്കില്‍ രാജ്യവ്യാപക ട്രാക്ടര്‍ റാലി; കേന്ദ്രത്തിന് മുന്നറിയിപ്പുമായി ടിക്കായത്ത്

40 ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടര്‍ റാലിയാണ് നടത്തുക. കര്‍ഷകര്‍ക്കെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ചര്‍ച്ചക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കും, ഇല്ലെങ്കില്‍ രാജ്യവ്യാപക ട്രാക്ടര്‍ റാലി; കേന്ദ്രത്തിന് മുന്നറിയിപ്പുമായി ടിക്കായത്ത്
X

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ പരമാവധി സമയം നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ രാജ്യവ്യാപക ട്രാക്ടര്‍ റാലി സംഘടിപ്പിക്കുമെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയോടാണ് ടിക്കായത്ത് ഇക്കാര്യം അറിയിച്ചത്.

40 ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടര്‍ റാലിയാണ് നടത്തുക. കര്‍ഷകര്‍ക്കെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ചര്‍ച്ചക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. സമരവേദികളൊഴിപ്പിക്കാന്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെന്നാരോപിച്ച് കാംപയിന്‍ നടത്താനും കര്‍ഷകസംഘടനകള്‍ തീരുമാനിച്ചു. ദേശീയ കാംപയിനിന് ഇന്ന് തുടക്കമാവും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത റോഡുപരോധ സമരം ശനിയാഴ്ച നടക്കും.

ബിജെപി പ്രതിഷേധത്തെ മറികടന്ന് പല്‍വലിലും ഭാഗ്പതിലും കര്‍ഷക സമരം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, കര്‍ഷകര്‍ക്കെതിരായ ഉപരോധം പോലിസ് ശക്തമാക്കിയിട്ടുണ്ട്. ഹരിയാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധം ഇന്നേക്ക് കൂടി നീട്ടി. കര്‍ഷകസമരം നടക്കുന്ന എട്ട് നഗരങ്ങളിലെ ഇന്റര്‍നെറ്റ് നിരോധം ഇന്ന് അഞ്ചുമണിയോടെ പുനസ്ഥാപിക്കാനിരിക്കെയാണ് നടപടി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരിയാന പിസിസി നടത്തുന്ന സമാധാന റാലിക്കും ഇന്ന് തുടക്കമാവും.

അതിനിടെ, കര്‍ഷകസമരം പാകിസ്ഥാന്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുന്നറിയിപ്പ് നല്‍കി. പാക് ഭീഷണിയെ ദുര്‍ബലമായി കാണാന്‍ സാധിക്കില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്നതിന് മുമ്പ് തന്നെ പരിഹരിക്കണം. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ വലിച്ചുനീട്ടരുതെന്നും ഓപറേഷന്‍ ബ്ലൂസ്റ്റാറിലേക്ക് നയിച്ച സംഭവങ്ങള്‍ ഓര്‍ക്കണമെന്നും അമരീന്ദര്‍ സിങ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ, റിപബ്ലിക്ക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14 ട്രാക്ടറുകള്‍ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.

Next Story

RELATED STORIES

Share it