India

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പദ്മവിഭൂഷണ്‍ പുരസ്‌കാരം മടക്കി നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി

2015 ല്‍ രാജ്യം നല്‍കിയ പുരസ്‌കാരം നല്‍കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നേരത്തെ ബാദലിന്റെ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യത്തില്‍നിന്ന് പിന്‍മാറിയിരുന്നു.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പദ്മവിഭൂഷണ്‍ പുരസ്‌കാരം മടക്കി നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി
X

ചണ്ഡിഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍. തനിക്ക് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം മടക്കി നല്‍കിയാണ് കര്‍ഷക നിയമത്തിനെതിരേ അദ്ദേഹം പ്രതിഷേധിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് ബാദല്‍ പുരസ്‌കാരം തിരിച്ചുനല്‍കിയതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

2015 ല്‍ രാജ്യം നല്‍കിയ പുരസ്‌കാരം നല്‍കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നേരത്തെ ബാദലിന്റെ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യത്തില്‍നിന്ന് പിന്‍മാറിയിരുന്നു. കര്‍ഷകരെ ഒറ്റിക്കൊടുക്കുന്നതിനെതിരെയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമാധാനപരവും ജനാധിപത്യപരവുമായ പ്രക്ഷോഭത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയ്ക്കും അവഹേളനത്തിനുമെതിരേയുമാണ് തന്റെ പ്രതിഷേധമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നപ്പോള്‍ ഇത് ബില്ലും പിന്നീട് നിയമവുമാക്കുമ്പോള്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ അവര്‍ക്ക് ഉറപ്പുനല്‍കിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വാക്കിനെ വിശ്വസിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ വാക്കുമാറ്റിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ നീണ്ട രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വേദനാജനകവും ലജ്ജാകരവുമായ നിമിഷം അതായിരുന്നു. അന്നുമുതല്‍ ഞാന്‍ അനുഭവിക്കുന്ന വൈകാരിക സമ്മര്‍ദം എനിക്ക് വാക്കുകളില്‍ അറിയിക്കാന്‍ കഴിയില്ല.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്രയധികം ഹൃദയമില്ലാത്തവരും കപടരും കര്‍ഷകരോട് നന്ദികെട്ടവരുമായിത്തീര്‍ന്നതെന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്ന് പ്രകാശ് സിങ് ബാദല്‍ കത്തില്‍ പറഞ്ഞു. അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നു വ്യക്തമാക്കി തലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിക്കുകയാണ്. കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള സുപ്രധാന റോഡുകളില്‍ അതിരൂക്ഷ ഗതാഗതസ്തംഭനമാണ്.

Next Story

RELATED STORIES

Share it