Sub Lead

തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ സംവരണം എത്ര തലമുറകള്‍കൂടി തുടരേണ്ടിവരുമെന്ന് സുപ്രിംകോടതി

മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായുള്ള മറാത്താ ക്വാട്ട കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രിംകോടതി ഈ ചോദ്യമുന്നയിച്ചത്. പട്ടികജാതി/ വര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകാവുന്ന അസമത്വത്തെക്കുറിച്ച് കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.

തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ സംവരണം എത്ര തലമുറകള്‍കൂടി തുടരേണ്ടിവരുമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: തൊഴിലവസരങ്ങളിലും വിദ്യാഭ്യാസമേഖലയിലും നല്‍കിവരുന്ന സംവരണം ഇനി എത്ര തലമുറകള്‍കൂടി തുടരണമെന്ന് പറയാന്‍ കഴിയുമോയെന്ന് സുപ്രിംകോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായുള്ള മറാത്താ ക്വാട്ട കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രിംകോടതി ഈ ചോദ്യമുന്നയിച്ചത്. പട്ടികജാതി/ വര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകാവുന്ന അസമത്വത്തെക്കുറിച്ച് കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. മാറിയ സാമൂഹിക സാഹചര്യം കണക്കിലെടുത്ത് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന വിധിയും നിലവിലുള്ള സംവരണവും പുനപ്പരിശോധിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദത്തോടായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പ്രതികരണം.

1931 ലെ ജനസംഖ്യാകണക്കെടുപ്പ് അടിസ്ഥാനമാക്കി തയ്യാറാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടും തുടര്‍ന്നുവന്ന വിധിയും നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് യോജിക്കുന്നതല്ലെന്നായിരുന്നു റോഹ്തഗിയുടെ വാദം. മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംവരണ ക്വാട്ട പ്രശ്‌നം പരിഹരിക്കാനുള്ള അവകാശം കോടതികള്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം 50 ശതമാനം സംവരണ പരിധി ലംഘിക്കുന്നതാണെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗക്കാര്‍ക്ക് സംവരണം അനുവദിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം ശരിവച്ചുള്ള ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള വിവിധ കേസുകളിലാണ് സുപ്രിംകോടതി വാദം കേള്‍ക്കുന്നത്. മറാത്താ വിഭാഗം വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ നല്ലൊരു ശതമാനമുണ്ട്. കൂടാതെ ഭരണമേഖലയിലും മറാത്താ വിഭാഗക്കാരുടെ പ്രാതിനിധ്യം കൂടുതലാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. നിങ്ങള്‍ പറയുന്നതുപോലെ നിലവിലെ 50 ശതമാനം സംവരണം തുടരുന്നില്ലെങ്കില്‍ സാമൂഹികസമത്വം എങ്ങനെ സാധ്യമാവുമെന്ന് കോടതി ചോദിച്ചു. സമത്വത്തിന്റെ ആശയമെന്താണ്. ആത്യന്തികമായി ഞങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യേണ്ടിവരും. അതെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം എന്താണ്.

സംവരണം നിര്‍ത്തലാക്കുകയോ അതില്‍ കുറവ് വരുത്തുകയോ ചെയ്യുന്നത് സാമൂഹിക അസമത്വത്തിലേക്ക് നയിക്കും. എത്ര തലമുറകള്‍ കൂടി അത് തുടരേണ്ടിവരുമെന്ന് കൃത്യമായി പറയാന്‍ സാധിക്കുമോയെന്ന് ജസ്റ്റിസ് അശോക് ഭൂഷനെ കൂടാതെ ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. സ്വാതന്ത്ര്യലബ്ദിയ്ക്കുശേഷം രാജ്യം ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നുള്ളത് വാസ്തവമാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍, 1931 നേക്കാള്‍ ജനസംഖ്യ വര്‍ധിച്ച് 135 കോടിയിലെത്തിയതായും എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിച്ചതായും അതിനാല്‍തന്നെ സംവരണകാര്യത്തില്‍ പുനപ്പരിശോധന ആവശ്യമാണെന്ന് റോഹ്തഗി ആവര്‍ത്തിച്ചു. പുരോഗതിയുണ്ടായ കാര്യം ശരിവയ്ക്കുന്നതായും എന്നാല്‍ സമൂഹത്തിലെ പിന്നാക്കവിഭാഗക്കാര്‍ 50 ശതമാനത്തില്‍നിന്ന് 20 ശതമാനമായി കുറഞ്ഞിട്ടില്ല, മറിച്ച് അവരുടെ എണ്ണം വര്‍ധിച്ചതായും റോഹ്തഗി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷങ്ങള്‍ പിന്നിട്ടു. സംസ്ഥാനങ്ങള്‍ വളരെയധികം പ്രയോജനകരമായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

'ഒരു വികസനവും നടന്നിട്ടില്ലെന്നും ഒരു പിന്നാക്ക ജാതിയും പുരോഗതി നേടിയിട്ടില്ലെന്നും എന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്ന് ബെഞ്ച് പറഞ്ഞു. കേസിലെ വാദങ്ങള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച വീണ്ടും ഇത് പുനരാരംഭിക്കും. ഭരണഘടനയുടെ 102ാം ഭേദഗതി പ്രകാരം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗങ്ങളെ (സെബിസി) നിര്‍ണയിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുന്നതിനും അവയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും സംസ്ഥാന നിയമസഭകളെ തടയുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യാഴാഴ്ച സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it