India

കടുവയെ കിടുവ പിടിച്ചു; ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ മുന്‍ ചീഫ് ജസ്റ്റിസില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടി

സുഹൃത്തായ റിട്ടയേഡ് ജഡ്ജിയുടെ ഇമെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാരന്‍ പണി പറ്റിച്ചത്.

കടുവയെ കിടുവ പിടിച്ചു; ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ മുന്‍ ചീഫ് ജസ്റ്റിസില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. സുഹൃത്തായ റിട്ടയേഡ് ജഡ്ജിയുടെ ഇമെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാരന്‍ പണി പറ്റിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കില്‍ താമസിക്കുന്ന ജസ്റ്റിസ് ലോധ ശനിയാഴ്ച്ച മാളവ്യ നഗറിലെ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ഓഫിസില്‍ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജസ്റ്റിസ് ബി പി സിങുമായി താന്‍ സ്ഥിരമായി ഇമെയിലില്‍ ആയിരുന്നു ആശയ വിനിമയം നടത്താറുണ്ടായിരുന്നതെന്ന് ജസ്റ്റിസ് ലോധയുടെ പരാതിയില്‍ പറയുന്നു. തന്റെ ബന്ധുവിന്റെ ചികില്‍സയ്ക്ക് വേണ്ടി അടിയന്തരമായി ഒരു ലക്ഷം രൂപ സഹായം വേണമെന്നും ഫോണില്‍ ബന്ധപ്പെടാന്‍ പറ്റാത്ത സാഹചര്യമാണെന്നും കാണിച്ച് ഏപ്രില്‍ 19ന് ബി പി സിങില്‍ നിന്ന് ജസ്റ്റിസ് ലോധയ്ക്ക് ഒരു ഇമെയില്‍ ലഭിച്ചു. അധികമൊന്നും ആലോചിക്കാതെ ലോധ രണ്ട് തവണയായി ഒരു ലക്ഷം രൂപ ഇമെയിലില്‍ പറഞ്ഞ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

തുടര്‍ന്ന് മെയ് 30ന് ജസ്റ്റിസ് സിങിന് തന്റെ ഇമെയിലിന്റെ നിയന്ത്രണം തിരിച്ചു ലഭിച്ചതിനെ തുടര്‍ന്നാണ് തന്റെ ഇമെയില്‍ ഏപ്രില്‍ 18,19 തിയ്യതികളില്‍ ഹാക്ക് ചെയ്യപ്പെട്ടതായി കോണ്‍ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ പേരെയും വിവരം അറിയിച്ചത്. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം ജസ്റ്റിസ് ലോധയ്ക്ക് ബോധ്യപ്പെട്ടത്.

തുടര്‍ന്ന് ബി പി സിങിന്റെ നിര്‍ദേശപ്രകാരം ആര്‍ എം ലോധ ഡല്‍ഹി പോലിസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. ഐ ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്നതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it