India

ഡോ. ദിനേശ് എടിഎസ് കസ്റ്റഡിയിൽ നിരാഹാര സമരത്തിൽ

പത്ത് ദിവസത്തേക്ക് എടിഎസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ചത്.

ഡോ. ദിനേശ് എടിഎസ് കസ്റ്റഡിയിൽ നിരാഹാര സമരത്തിൽ
X

കോഴിക്കോട്: കേരള എടിഎസ് അന്വേഷിക്കുന്ന മാവോവാദ കേസില്‍ അറസ്റ്റിലായ സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്-തമിഴ്‌നാട് പ്രവര്‍ത്തകനും കോയമ്പത്തൂരില്‍ പ്രക്ടീസ് ചെയ്യുന്ന ഡോക്ടറുമായ ഡോ. ദിനേശ് നിരാഹാര സമരം ആരംഭിച്ചു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ദിനേശിനെ പത്ത് ദിവസത്തേക്ക് എടിഎസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള നാലം​ഗ എടിഎസ് സംഘം കോയമ്പത്തൂരുള്ള ദിനേശിന്റെ ക്ലിനിക്കിലും താമസിക്കുന്നയിടത്തും റെയ്ഡ് നടത്തിയിരുന്നു. രാവിലെ പതിനൊന്നിന് കോയമ്പത്തൂരിലെ ക്ലിനിക്കിലെത്തിയ സംഘം ഡോ. ദിനേശിന്റെ ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു. അദ്ദേഹത്തെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഡോ. ദിനേശിന് മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസിന്റെ ആരോപണം.

ഡോക്ടര്‍ ദിനേശ് അദ്ദേഹത്തിന്റെ സുഹൃത്തിനോടൊപ്പമാണ് താമസിക്കുന്നത്. അവിടെയും പോലിസ് റെയ്ഡ് നടത്തി. താമസസ്ഥലത്ത് നടന്ന റെയ്ഡ് രാത്രി ഒമ്പതുവരെ നീണ്ടുനിന്നിരുന്നു. മഞ്ചേരി കോടതിയില്‍ നിന്ന് മലപ്പുറം ക്രൈം ബ്രാഞ്ചിന് ലഭിച്ച അനുമതി പത്രവുമായാണ് പോലിസ് തമിഴ്‌നാട്ടിലെത്തിയത്.

കരുളായിയിൽ രണ്ട് മാവോവാദികൾ പോലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ എടക്കര പോലിസ് 2016 ൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസ് കേരള എടിഎസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ദിനേശിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2017 സെപ്തംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട മാവോവാദി പ്രവർത്തകൻ കാളിദാസന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എടിഎസ്സിന്റെ റിമാൻഡ് റിപോർട്ടിൽ പറയുന്നു.

നിലമ്പൂരിൽ വനത്തിനകത്ത് വച്ചു മാവോവാദി ആയുധ പരീശിലനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തിരിക്കുന്നത്. മുതിർന്ന മാവോവാദി നേതാവ് രാജൻ ചിറ്റിലപ്പള്ളി, ബി ജി കൃഷ്ണമൂർത്തിയടക്കം 25 പേർക്കെതിരേയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ദിനേശിനെ 22ാമതായാണ് പ്രതി ചേർത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it