India

600 കിടക്കകള്‍; ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയം കൊവിഡ് കെയര്‍ സെന്ററായി

80 ഡോക്ടര്‍മാരെയും 150 നഴ്‌സുമാരെയുമാണ് ഇവിടെ നിയമിക്കുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളെ ഇവിടേക്ക് എത്തിക്കില്ല. ഇവര്‍ക്ക് ആശുപത്രികളില്‍തന്നെ ചികില്‍സയൊരുക്കും.

600 കിടക്കകള്‍; ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയം കൊവിഡ് കെയര്‍ സെന്ററായി
X

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയത്തില്‍ കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേഡിയത്തില്‍ 600 കിടക്കകളുള്ള കൊവിഡ് കെയര്‍ സെന്ററാണ് ഡല്‍ഹി സര്‍ക്കാര്‍ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്റ്റേഡിയത്തിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. ഈ കേന്ദ്രത്തില്‍ 600 കിടക്കകളാണുള്ളത്. അതില്‍ 200 എണ്ണം ഇതിനകംതന്നെ തയ്യാറായിക്കഴിഞ്ഞതായി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യവും ഇവിടെ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

80 ഡോക്ടര്‍മാരെയും 150 നഴ്‌സുമാരെയുമാണ് ഇവിടെ നിയമിക്കുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളെ ഇവിടേക്ക് എത്തിക്കില്ല. ഇവര്‍ക്ക് ആശുപത്രികളില്‍തന്നെ ചികില്‍സയൊരുക്കും. ചികില്‍സയിലുള്ള രോഗികളുടെ നില വഷളായാല്‍ അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഓക്‌സിജന്‍ സൗകര്യങ്ങളും ആംബുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 300 കിടക്കകള്‍ വീതം പ്രത്യേകവാര്‍ഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന എന്‍ജിഒയായ 'ഡോക്ടര്‍സ് ഫോര്‍ യു' ഡല്‍ഹി സര്‍ക്കാരുമായി സഹകരിച്ചാണ് പുതിയ കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കിടക്കയിലും ഒരു ബെല്‍ ഘടിപ്പിച്ചിരിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ രോഗിക്ക് അത് റിങ് ചെയ്യാന്‍ കഴിയും.

ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍തന്നെ സഹായത്തിനെത്തുമെന്ന് ഡോക്ടര്‍മാര്‍ ഫോര്‍ യു പ്രസിഡന്റ് ഡോ. രജത് ജെയ്ന്‍ പറഞ്ഞു. ആശുപത്രിയില്‍ സുരക്ഷാകാമറകള്‍ സ്ഥാപിച്ചു. ഓക്‌സിജന്റെ അളവ് കുറവുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്ക് ഗുരുതരമായ ലക്ഷണങ്ങളുണ്ടായാല്‍ ആംബുലന്‍സുകള്‍ ക്രമീകരിച്ച് ലാല്‍ ബഹാദൂര്‍ ശാസ്ത്ര ആശുപത്രിയിലേക്കും ലോക്‌നായക് ആശുപത്രിയിലേക്കും കൊണ്ടുപോവുമെന്നും അദ്ദേഹം അറിയിച്ചു. 40,000 ഹോട്ടലുകളും 80 വിരുന്നുഹാളുകളും കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍.

Next Story

RELATED STORIES

Share it