India

കര്‍ഷക സംഘടനകളുടെ 'ദില്ലി ചലോ' മാര്‍ച്ച് ഇന്ന്

കര്‍ഷക സംഘടനകളുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന്
X

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന 'ദില്ലി ചലോ' മാര്‍ച്ച് കണക്കിലെടുത്തു ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പോലിസ്. വാഹനങ്ങളില്‍ ഉള്‍പ്പടെ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഇന്നലെ അര്‍ധരാത്രി കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയുമായി കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രത്യേക കമ്മിറ്റി രൂപീകരിച്ചു കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരിഹാരം തേടാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാല്‍ മന്ത്രിയുടെ ഉറപ്പുകള്‍ക്കു വ്യക്തതയില്ലെന്നും സമരം തുടരുമെന്നും കര്‍ഷകസംഘടന നേതാക്കള്‍ അറിയിച്ചു. മൂന്നു വര്‍ഷം മുന്‍പ് കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്കു നടത്തിയ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ നൂറുകണക്കിന് അര്‍ധസൈനികരെയും പോലിസ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിംഘു, തിക്രി, ഗാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത് തടയാന്‍ പ്രധാന വഴികളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡിനു പുറമെ മുള്ളുവേലികളും കോണ്‍ക്രീറ്റ് സ്ലാബുകളും ഒരുക്കിയാകും പ്രതിഷേധങ്ങളെ തടയുക. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച് കണക്കിലെടുത്ത് ചില സ്ഥലങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടുമെന്നു പോലിസ് അറിയിച്ചു.

ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലിസിന്റെ വന്‍ സാന്നിധ്യവും ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതും വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അതിര്‍ത്തിയിലെ കടയുടമകള്‍. മുന്‍പ് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമാക്കിയ കര്‍ഷക സമരം ആവര്‍ത്തിക്കുമോയെന്നാണ് വ്യാപാരികളുടെ പേടി. സമരം ശക്തമായാല്‍ പ്രദേശത്തെ കടകള്‍ അടച്ചിടേണ്ടിവരുമെന്നു വ്യാപാരികള്‍ പറയുന്നു.

സമരം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് ആവശ്യപ്പെട്ടു. കര്‍ഷക മാര്‍ച്ച് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സുരക്ഷാ നടപടികള്‍ അതിരു കടക്കുന്നതായും എഎപി നേതാവ് ആരോപിച്ചു.






Next Story

RELATED STORIES

Share it