India

ഡാനിഷ് അലി എംപിയെ ബിഎസ്പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഡാനിഷ് അലി എംപിയെ ബിഎസ്പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
X
ഡല്‍ഹി: ബിഎസ്പി എംപി ഡാനിഷ് അലിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ ബിഎസ്പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. 'പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും, തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു' ബിഎസ്പി പ്രസ്താവനയില്‍ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്‌സഭയില്‍ ബി.ജെ.പി. എം.പി. രമേഷ് ബിധുരി വര്‍ഗീയ പരാമര്‍ഷങ്ങള്‍ നടത്തി അപമാനിച്ചിരുന്നു. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.

ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുന്നതിനിടയാണ് ബിധുരി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. വിഷയത്തില്‍ നിരവധി പ്രതിപക്ഷ എം.പിമാര്‍ ബിധുരിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തില്‍ കഴിഞ്ഞ ദിവസം രമേഷ് ബിധുരി പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് മുന്നില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബിഎസ്പി അധ്യക്ഷ മായാവതിയുമായി നല്ല ബന്ധത്തിലല്ലാത്ത ഡാനിഷ് അലി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ബിഎസ്പി 'ഇന്ത്യ' സഖ്യത്തില്‍ ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് ഡാനിഷ് അലിക്ക്. എന്നാല്‍, ഇന്ത്യ സഖ്യത്തിലേക്കില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്. നിലവില്‍ യു.പി.യിലെ അമ്രോഹ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഡാനിഷ് അലി. 2019-ലാണ് ജനതാദള്‍-എസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം പാര്‍ട്ടിവിട്ട് മായാവതിയുടെ ബി.എസ്.പി.യില്‍ ചേര്‍ന്നത്.


Next Story

RELATED STORIES

Share it