India

പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ചാണകം നിക്ഷേപിച്ചു

തന്റെ വീടിന് മുന്നില്‍ ചാണകം തള്ളിയതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുദ് കുത്തിയിരിപ്പ് സമരം നടത്തി.

പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ചാണകം നിക്ഷേപിച്ചു
X

ചണ്ഡിഗഢ്: പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ പശുവിന്റെ ചാണകം നിക്ഷേപിച്ചു. മുന്‍ സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാന്‍ സുദിന്റെ വീടിന് മുന്നിലാണ് ഒരുസംഘമാളുകള്‍ ട്രാക്ടറില്‍ ചാണകം കൊണ്ടുവന്ന് തള്ളിയത്. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന ഒരുസംഘം കര്‍ഷകരാണ് ഇതിന് പിന്നിലെന്ന് ബിജെപി നേതാവ് ആരോപിച്ചു. ഇവര്‍ വീടിന് മുന്നില്‍ കേന്ദ്രസര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചതായും അദ്ദേഹം പറയുന്നു.

തന്റെ വീടിന് മുന്നില്‍ ചാണകം തള്ളിയതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുദ് കുത്തിയിരിപ്പ് സമരം നടത്തി. നേതാവിന്റെ അനുയായികളും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തടയാന്‍ ഇടപെടേണ്ടിവന്നതായി പ്രാദേശിക പോലിസ് പ്രസ്താവനയില്‍ അറിയിച്ചു. പഞ്ചാബ് ബിജെപി അധ്യക്ഷന്‍ അശ്വനി കുമാര്‍ ശര്‍മയും സംഭവത്തെ അപലപിച്ചു. അജ്ഞാത പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചു.

ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും സിങ്് പ്രതിഷേധക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. മാതൃകാപരമായ സംയമനം പാലിച്ച് മാസങ്ങളോളം പഞ്ചാബിലും ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തിയിലും അക്രമത്തിലോ അധാര്‍മികതയിലോ ഏര്‍പ്പെടാതെ സമാധാനപരമായി പ്രതിഷേധം നടത്താന്‍ കര്‍ഷക നേതാക്കളോട് വ്യക്തമാക്കിയിട്ടും ചില പ്രതിഷേധക്കാര്‍ക്ക് സംയമനം നഷ്ടപ്പെടുന്നു.

ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകരുടെ വീടുകളില്‍ അനധികൃതമായി പ്രവേശിക്കാനുള്ള ശ്രമങ്ങള്‍, വീടുകള്‍ പിക്കറ്റ് ചെയ്യല്‍ എന്നീ നടപടികള്‍ സമാധാനാന്തരീക്ഷം ദുര്‍ബലപ്പെടുത്തും. വിവിധ ജാതി, മത, സമുദായങ്ങള്‍ക്കിടയിലെ ഐക്യം നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്തിടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഹോട്ടല്‍ വളഞ്ഞതിനെത്തുടര്‍ന്ന് യോഗം നടത്തുകയായരുന്ന ബിജെപി നേതാക്കള്‍ പോലിസ് സംരക്ഷണയില്‍ പിന്‍വാതില്‍വഴി രക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു.

Next Story

RELATED STORIES

Share it