India

കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; രണ്ടാംഘട്ടം 30 കോടി പേര്‍ക്ക് നല്‍കും: പ്രധാനമന്ത്രി

വാക്‌സിന്‍ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തരുത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കാണിച്ച ഉല്‍സാഹം ഇതിലും വേണം. വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം മാസ്‌ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്.

കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; രണ്ടാംഘട്ടം 30 കോടി പേര്‍ക്ക് നല്‍കും: പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുമെന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ അത് ലഭ്യമായിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മേഡ് ഇന്‍ ഇന്ത്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സുരക്ഷിതമാണെന്നും ദുഷ്പ്രചരണങ്ങളില്‍ വീഴരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. എത്രയോ മാസങ്ങളായുള്ള കാത്തിരിപ്പിന് അന്ത്യമായി എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

കുറെ നാളായി എല്ലാവരുടെയും ചോദ്യത്തിന് അവസാനമായി. വളരെപ്പെട്ടെന്ന് തന്നെ വാക്‌സിനെത്തി. ഇതിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം നല്‍കുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടെയും പ്രതിഭയുടെയും ഉദാഹരണമാണ്. വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ 30 കോടി പേരിലെത്തിക്കും. വാക്‌സിന്‍ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തരുത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കാണിച്ച ഉല്‍സാഹം ഇതിലും വേണം. വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം മാസ്‌ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്.

കാരണം രണ്ടാമത്തെ ഡോസിനുശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നത്. ചരിത്രത്തില്‍ ഇതുവരെ ഇത്രയും വലിയതോതില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല. മൂന്നുകോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍, ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നുകോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുകയാണ്. മൂന്ന് കോടി മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിന്‍ ചെലവ് കേന്ദ്രസര്‍ക്കാര്‍തന്നെ വഹിക്കും. രോഗസാധ്യത കൂടുതലുള്ളവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കുന്നു. കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കും. കുത്തിവയ്പിന് വിപുലമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. രണ്ട് ഡോസ് കുത്തിവയ്പ് അനിവാര്യമാണ്. രണ്ട് ഡോസിനും ഇടയില്‍ ഒരു മാസത്തെ ഇടവേളയുണ്ടാവും.

കൊവിഡിനെതിരായ പോരാട്ടം ജയിക്കാന്‍ വാക്‌സിനു കഴിയും. രാജ്യത്തിന്റെ ആത്മവിശ്വാസം ഇടിക്കാന്‍ അനുവദിക്കരുത്. സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വാക്‌സിനേഷനിലും പ്രകടമാവണം. രാജ്യം ഒരുവര്‍ഷത്തില്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു. രോഗിയെ ഒറ്റപ്പെടുത്തിയ രോഗമാണിത്. കുട്ടികള്‍ അമ്മയില്‍നിന്ന് അകന്നു കഴിയേണ്ടി വന്നു. മരിച്ചവരുടെ അന്തിമസംസ്‌ക്കാരം പോലും യഥാവിധി നടത്താനായില്ല. വീട്ടില്‍ പോലും പോവാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജീവനുകള്‍ രക്ഷിച്ചു. ആയിരക്കണക്കിനാളുകള്‍ ജീവന്‍തന്നെ ബലി നല്‍കി. വാക്‌സിനേഷന്‍ ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണ്. വാക്‌സിനേഷന്‍ പദ്ധതി ഏറെക്കാലം നീണ്ടുനില്‍ക്കും. മരുന്നിനൊപ്പം കരുതല്‍ എന്നതാവും മുദ്രാവാക്യം- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it