India

പാര്‍ട്ടിയെ തള്ളി സഭാ സമ്മേളനത്തില്‍ പങ്കെടുത്തു; റായ്ബറേലി എംഎല്‍എയോട് കോണ്‍ഗ്രസ് വിശദീകരണം തേടി

പാര്‍ട്ടിയെ തള്ളി സഭാ സമ്മേളനത്തില്‍ പങ്കെടുത്തു; റായ്ബറേലി എംഎല്‍എയോട് കോണ്‍ഗ്രസ് വിശദീകരണം തേടി
X

ലഖ്‌നോ: നിര്‍ദേശം ലംഘിച്ച് ഉത്തര്‍പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടി. റായ്ബറേലി എംഎല്‍എ അതിഥി സിങിനോടാണ് പാര്‍ട്ടി വിശദീകരണം തേടിയത്. ബുധനാഴ്ച ഗാന്ധി ജയന്തിയോടനുബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ നിന്നു വിട്ടുനിന്ന അതിഥി സിങ് ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാന നിയമസഭയുടെ 48 മണിക്കൂര്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തത്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിവര്‍ പരിപാടി ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനം തള്ളി നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത റായ്ബറേലി എംഎല്‍എ അതിഥി സിങ് സമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്തത് ഏറെ ക്ഷീണം ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിച്ച് അതിഥി സിങിനു സംസ്ഥാന സര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it