സര്‍ക്കാരിനെതിരായ പ്രക്ഷോഭം തടയാന്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി

വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ ജനകീയ പ്രക്ഷോഭം തടയാന്‍ മുന്‍ മുഖമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നിരവധി തെലുഗു ദേശം പാര്‍ട്ടി(ടിഡിപി) നേതാക്കളെ വീട്ടുതടങ്കലിലാക്കി.

സര്‍ക്കാരിനെതിരായ പ്രക്ഷോഭം തടയാന്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി

ന്യൂഡല്‍ഹി: വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ ജനകീയ പ്രക്ഷോഭം തടയാന്‍ മുന്‍ മുഖമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നിരവധി തെലുഗു ദേശം പാര്‍ട്ടി(ടിഡിപി) നേതാക്കളെ വീട്ടുതടങ്കലിലാക്കി. രാഷ്ട്രീയ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ച പല്‍നാഡു മേഖലയില്‍ വലിയ യോഗങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ വിലക്കിനെതിരേ വലിയ പ്രതിഷേധത്തിന് ടിഡിപി പദ്ധതിയിട്ടിരുന്നു. റെഡ്ഡിയുടെ പാര്‍ട്ടിക്കാര്‍ എട്ട് ടിഡിപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും നിരവധി പേര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും ചന്ദ്രബാബു നായിഡു ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയത്.

ഇത് ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് നായിഡു പറഞ്ഞു. വീട്ടുതടങ്കലിനെതിരേ ഇന്ന് രാത്രി എട്ട് മണിവരെ നായിഡു ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരാഹാരമിരിക്കും. ദേവിനെനി അവിനാശ്, കെസിനേനി നാനി, ഭൂമ അഖിലപ്രിയ തുടങ്ങിയ നേതാക്കള്‍ വീട്ടുതടങ്കലില്‍ ആയവരില്‍പ്പെടും.

മുന്‍സര്‍ക്കാരിന്റെ കാലത്ത് നടന്ന അക്രമങ്ങള്‍ക്കെതിരേ ഭരണ കക്ഷിയുടെ നേതൃത്വത്തില്‍ ഒരു എതിര്‍ പ്രതിഷേധവും ഇന്ന് നടക്കുന്നുണ്ട്. അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ച അത്മാകൂര്‍ ജില്ലയിലെയും പല്‍നാട് മേഖലയിലെയും ആളുകള്‍ പരാതി നല്‍കാന്‍ മുന്നോട്ടു വരണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു. തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും അനുയായികളെയും അവരുടെ ഗ്രാമങ്ങളില്‍ നിന്ന് ആട്ടിയോടിച്ചിരിക്കുകയാണെന്നും അവര്‍ക്കെതിരേ വ്യാജ കേസുകള്‍ നല്‍കുകയാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുന്നു.

ഉണ്ടവല്ലിയിലെ വീടിനടുത്ത് നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനുള്ള നായിഡുവിന്റെ മകന്‍ നാരാ ലോകേഷിന്റെ ശ്രമം പോലിസ് തടഞ്ഞു. വിജയവാഡയിലും പരിസരത്തും യോഗം ചേരുന്നതിന് തടസ്സമില്ലെന്ന് അദ്ദേഹം പോലിസിനോട് വാദിച്ചു. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ ആര്‍ക്കും തടയാനാവില്ലെന്നും ലോകേഷ് പറഞ്ഞു.

RELATED STORIES

Share it
Top