India

പാചക വാതക സിലിണ്ടറുകളില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

കരുതി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്രം

പാചക വാതക സിലിണ്ടറുകളില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ പാചക വാതകം കിട്ടാതെ വരുമെന്ന പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. പാചക വാതക വില നിയന്ത്രണവിധേയമായി തുടരാന്‍ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. രണ്ട് എല്‍എന്‍ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.

ഡല്‍ഹിയിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിലവിലെ വില 913 രൂപയാണ്. 60 രൂപയുടെ വര്‍ധനയ്ക്ക് ശേഷമാണിത്. ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വിപണി വില ഇതിലും കൂടുമായിരുന്നുവെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം 25 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മതിയായ വിതരണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്കുള്ള 70%ത്തോളം ക്രൂഡോയില്‍ നീക്കവും ഹോര്‍മുസ് കടലിടുക്ക് വഴിയല്ല. ഇന്ത്യയിലേക്കുള്ള 90% എല്‍പിജി നീക്കവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. നിലവില്‍ ആഭ്യന്തര എല്‍പിജി ഉല്‍പാദനം 25% വര്‍ദ്ധിപ്പിച്ചുച്ചുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രണ്ടര ദിവസത്തിനുള്ളില്‍ തന്നെ ഗ്യാസ് ഡെലിവറി ഉറപ്പുവരുത്തുമെന്നും ബുക്കിങ് പിരീഡ് 25 ദിവസമായി നിശ്ചയിച്ചിട്ടുണ്ടെന്നും സുജാത ശര്‍മ്മ പറഞ്ഞു.

സര്‍ക്കാര്‍ ഊര്‍ജ്ജ വിതരണം നിരന്തരം നിരീക്ഷിക്കുകയാണ്. ഇന്ധനം ലാഭിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്‍പിജിയുടെ ഉത്പാദനം പരമാവധിയാക്കാനും പ്രധാന ഹൈഡ്രോകാര്‍ബണ്‍ സ്ട്രീമുകള്‍ എല്‍പിജി പൂളിലേക്ക് തിരിച്ചുവിടാനും റിഫൈനറികളോടും പെട്രോകെമിക്കല്‍ യൂണിറ്റുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സുജാത ശര്‍മ്മ വ്യക്തമാക്കി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ വിതരണം തടസപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലുടനീളം എല്‍പിജി ക്ഷാമം ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it