India

സ്‌കൂള്‍ തുറക്കല്‍: സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാവില്ല; അതീവജാഗ്രത വേണമെന്ന് സുപ്രിംകോടതി

സ്‌കൂള്‍ തുറക്കല്‍: സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാവില്ല; അതീവജാഗ്രത വേണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രിംകോടതി. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്‌കൂളുകള്‍ തുറക്കാനും ഓഫ്‌ലൈന്‍ അധ്യാപനം നടത്തുന്നതിനും തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

എവിടെയാണ് കൊവിഡ് വ്യാപനമെന്ന് അറിയില്ല. കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരികെ പോവേണ്ടതുണ്ട്. പക്ഷേ, എല്ലാ കുട്ടികളും സ്‌കൂളില്‍ പോവണമെന്ന് കോടതിക്ക് എങ്ങനെ പറയാനാവുമെന്ന് ഹരജി പരിഗണിക്കുന്നതിനിടെ സുപ്രിംകോടതി ചോദിച്ചു. നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാവുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ എങ്ങനെ സ്‌കൂളിലേക്ക് വിളിക്കാനാവുമെന്നും മുതിര്‍ന്ന കുട്ടികളെയും താഴ്ന്ന ക്ലാസുകളിലെ കുട്ടികളെയും ഒന്നിച്ചു സ്‌കൂളിലെത്തിക്കാന്‍ എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു.

കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണം. ഗുരുതരമായ കൊവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് നിര്‍ദേശിച്ച കോടതി, കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങള്‍ കാണുന്നില്ലേയെന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു. ഈ ഹരജി എത്രമാത്രം അസ്ഥാനത്താണെന്ന് നോക്കൂ. ഇതൊരു പബ്ലിസിറ്റി ഗിമ്മിക്കാണെന്ന് ഞാന്‍ പറയുന്നില്ല. ഹരജിക്കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഡല്‍ഹി സര്‍ക്കാരുമായി ആലോചിച്ച് തന്റെ പരിഹാരങ്ങള്‍ തേടാമെന്ന് വാക്കാല്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it