India

ഡല്‍ഹി ഗേറ്റിന് മുന്നില്‍ സംഘര്‍ഷം; കാര്‍ അഗ്നിക്കിരയായി, പ്രതിഷേധക്കാരെ പോലിസ് തല്ലിച്ചതച്ചു

ഡല്‍ഹി ഗേറ്റിന് സമീപം പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രക്ഷോഭകര്‍ ഡല്‍ഹി ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പോലിസും പ്രതിഷേധക്കാരുമായി വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. പോലിസിന് നേരേ കല്ലേറുമുണ്ടായി. സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് കാര്‍ അഗ്നിക്കിരയായി.

ഡല്‍ഹി ഗേറ്റിന് മുന്നില്‍ സംഘര്‍ഷം; കാര്‍ അഗ്നിക്കിരയായി, പ്രതിഷേധക്കാരെ പോലിസ് തല്ലിച്ചതച്ചു
X

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡല്‍ഹിയില്‍ വീണ്ടും കത്തുന്നു. ഡല്‍ഹി ജുമാ മസ്ജിദിന് മുന്നിലെ പ്രതിഷേധങ്ങള്‍ക്കുശേഷം പ്രക്ഷോഭകര്‍ ഇന്ത്യാ ഗേറ്റിന് മുന്നിലേക്ക് എത്തുകയായിരുന്നു. ദേശീയ പതാകയുമേന്തിയായിരുന്നു പ്രതിഷേധം. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഡല്‍ഹി ഗേറ്റിന് സമീപം പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രക്ഷോഭകര്‍ ഡല്‍ഹി ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പോലിസും പ്രതിഷേധക്കാരുമായി വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. പോലിസിന് നേരേ കല്ലേറുമുണ്ടായി. സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് കാര്‍ അഗ്നിക്കിരയായി. ഇതെത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതും വിഫലമായതിനെത്തുടര്‍ന്ന് പോലിസ് ലാത്തിവീശുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പോലിസ് തല്ലിച്ചതച്ചു.

നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പോലിസ് മര്‍ദിക്കുന്നത് റിപോര്‍ട്ട് ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരെയും പോലിസ് ക്രൂരമായി മര്‍ദിച്ചു. മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, കാമറാമാന്‍ വൈശാഖ് ജയപാലന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പ്രതിഷേധക്കാരെ പോലിസ് വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ അരുണ്‍ ശങ്കറുടെ തലയ്ക്ക് പിന്നില്‍ അടിയേറ്റു. മാതൃഭൂമി ന്യൂസിന്റെ കാമറ അടിച്ചുതകര്‍ത്തു. ദൃശ്യങ്ങള്‍ പുറംലോകത്ത് എത്താതിരിക്കാന്‍ കാമറ എടുത്തുകൊണ്ടുപോവുകയും ചെയ്തു. കുട്ടികളെപ്പോലും പോലിസ് വെറുതെ വിടാത്ത സാഹചര്യമാണുണ്ടായത്. നിരവധി പേരെ പോലിസ് അറസ്റ്റുചെയ്തു നീക്കി. നൂറുകണക്കിനാളുകള്‍ കരുതല്‍ തടങ്കലിലായിട്ടുണ്ട്. ഇവരെ പോലിസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിനുശേഷമാണ് ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്.

വൈകീട്ടോടെ മസ്ജിദിന് മുന്നില്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവണമെന്ന പള്ളിയില്‍നിന്നുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ പിരിഞ്ഞുപോയെങ്കിലും പിന്നീട് തിരികെയെത്തുകയായിരുന്നു. അതേസമയം, പ്രതിഷേധറാലിക്ക് അനുമതിയില്ലെന്ന് അറിയിച്ച പോലിസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചു. പള്ളിക്ക് പുറത്ത് വന്‍ പോലിസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. ഡ്രോണ്‍ ഉള്‍പ്പടെയുള്ള നിരീക്ഷണസംവിധാനങ്ങളും ഏര്‍പ്പെടുത്തി. ഡല്‍ഹി മെട്രോയുടെ 17 സ്‌റ്റേഷനുകള്‍ അടച്ചു. തിരക്കേറിയ രാജീവ് ചൗക്ക്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് സ്‌റ്റേഷനുകള്‍ അടക്കമുള്ളവയാണ് അടച്ചത്. ഇതിനു പിന്നാലെ രാജ്യതലസ്ഥാനം വന്‍ ഗതാഗതക്കുരുക്കിലമര്‍ന്നു. എന്നാല്‍, നിരോധന ഉത്തരവുകളെല്ലാം അവഗണിച്ച് ആയിരക്കണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ പ്രക്ഷോഭം. റാലിക്കായെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ പോലിസ് പിടികൂടിയെങ്കിലും അദ്ദേഹം കുതറി രക്ഷപ്പെട്ട് പോലിസിന്റെ കണ്ണുവെട്ടിച്ചാണ് മസ്ജിദ് പരിസരത്തെത്തി പ്രക്ഷോഭം നയിച്ചത്. ഡല്‍ഹി ഗേറ്റിനു സമീപംവച്ച് പോലിസ് റാലി തടയുകയായിരുന്നു. അതിനിടെ, ഡല്‍ഹി ജമാ മസ്ജിദിന് പുറത്ത് രാത്രിയും സമാധാനപരമായ പ്രതിഷേധം തുടരുകയാണ്. രാജ്യതലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിലും കൊണാട്ട് പ്ലേസിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പോലിസ് സന്നാഹത്തെയാണ് ദര്യാഗഞ്ച് പ്രദേശത്ത് വിന്യസിച്ചിരുന്നത്.

Next Story

RELATED STORIES

Share it