India

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനുളള പ്രമേയം ഇരുസഭകളും തളളി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനുളള പ്രമേയം ഇരുസഭകളും തളളി
X

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയം ഇരുസഭകളും തളളി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ലോക്സഭ, രാജ്യസഭ അധ്യക്ഷന്‍മാര്‍ തള്ളി. എല്ലാ വശങ്ങളും വ്യക്തമായി പരിശോധിച്ച്, സൂക്ഷ്മവും വസ്തുനിഷ്ഠവുമായ വിലയിരുത്തലിന് ശേഷം പ്രമേയം തളളുകയാണെന്നാണ് രാജ്യസഭാ ചെയര്‍മാന്‍ അറിയിച്ചത്. ഗ്യാനേഷ് കുമാറിനെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച നോട്ടീസ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും തളളി. 193 പ്രതിപക്ഷ എംപിമാരായിരുന്നു നോട്ടീസില്‍ ഒപ്പുവച്ചിരുന്നത്.

63 രാജ്യസഭാംഭങ്ങളും 130 ലോക്സഭാംഗങ്ങളുമാണ് നോട്ടീസില്‍ ഒപ്പിട്ടത്. നോട്ടീസ് തള്ളിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിപക്ഷ നിവേദനം സ്വീകരിച്ച രാജ്യസഭയിലെ മുന്‍ അധ്യക്ഷന് എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.

സുപ്രധാനമായ ഏഴ് ആരോപണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാനായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന കേസിനിടെ അര്‍ധരാത്രിയില്‍ അടിയന്തരമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചു. ഇത് ഭരണകൂടത്തിന് പ്രിയപ്പെട്ടവരെ നിയമിക്കാനായി നടത്തിയ ശ്രമമാണ് എന്നതാണ് പ്രധാന ആരോപണം.

നിഷ്പക്ഷത നഷ്ടമായെന്നതാണ് രണ്ടാമത്തെ ആരോപണം. ഭരണഘടനാപരമായ ബാധ്യതയും നിഷ്പക്ഷതയും പാലിക്കാതെ ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ കമ്മീഷണര്‍ പ്രവര്‍ത്തിച്ചു. 2025 ആഗസ്റ്റ് 17ലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് പൊതുമുന്നറിയിപ്പ് നല്‍കിയത് വിവേചനപരമാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ക്കെതിരായ സമാന ആരോപണങ്ങളില്‍ അതേ മാനദണ്ഡം പാലിച്ചില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഉന്നയിക്കുന്ന പരാതികളിലെ അന്വേഷണത്തെ അട്ടിമറിക്കാന്‍ മനപൂര്‍വമായി ശ്രമിക്കുന്നു, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നു. എസ്ഐആര്‍ നടപടികള്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നടപ്പാക്കി. പൗരത്വ പരിശോധനയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി. ബിഹാറില്‍ ഏകദേശം 65 ലക്ഷം പേരെയും പശ്ചിമ ബംഗാളില്‍ ഏകദേശം 58 ലക്ഷം പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ബാധിച്ചു. നീതിന്യായ നടപടി തടസപ്പെടുത്തി തുടങ്ങിയവയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം.

Next Story

RELATED STORIES

Share it