India

അസമിലെ ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം രണ്ടായി

അസമിലെ ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം രണ്ടായി
X

ജോര്‍ഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലഖിംപൂര്‍ ജില്ലയില്‍നിന്നുള്ള അധ്യാപകന്‍ ഇന്ദ്രേശ്വര്‍ ബോറ എന്നയാളുടെ മൃതദേഹമാണ് കസിരംഗ നാഷനല്‍ പാര്‍ക്കിനുള്ളിലെ ജലാശയത്തില്‍നിന്ന് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വെള്ളിയാഴ്ച ബിശ്വനാഥ് ഘട്ടില്‍നിന്ന് ബോറയുടെ ബാഗ് കണ്ടെടുത്തിരുന്നു. ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങിത്താഴുന്നതിനു മുമ്പ് ഭാര്യയെയും മറ്റ് യാത്രക്കാരെയും ബോറ സുരക്ഷിതസ്ഥലങ്ങളിലെത്തിച്ചിരുന്നു.

ഭാര്യ രുപ്രേഖയ്‌ക്കൊപ്പം ബുധനാഴ്ച ധെകികാഹോവ നംഘര്‍ സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു ബോറ. ബിശ്വനാഥ് ഘട്ടിനടുത്തുള്ള ഭാസ തപ്പു എന്ന സ്ഥലത്ത് മല്‍സ്യത്തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയതെന്നും പിന്നീട് പോലിസിനെ വിവരമറിയിച്ചതായും ബിശ്വനാഥ് എസ്പി ലീന ഡോളി പറഞ്ഞു. കണ്ടെടുത്ത രേഖകള്‍ അനുസരിച്ച് മൃതദേഹം ഇന്ദ്രേശ്വര്‍ ബോറയുടേതാണെന്ന് സ്ഥിരീകരിക്കുന്നു.

എന്നിരുന്നാലും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ അന്തിമസ്ഥിരീകരണം നടത്താന്‍ കഴിയൂ- ഡോളി പറഞ്ഞു. അസമിലെ ജോര്‍ഹട്ടില്‍ ബ്രഹ്മപുത്രാ നദിയിലാണ് യാത്രാബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്. സ്വകാര്യബോട്ടും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. നൂറിലേറെ യാത്രക്കാരായിരുന്നു ഇരു ബോട്ടുകളിലുമായുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it