India

12- 15 വയസുകാരില്‍ കൊവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് ഫൈസറും ബയോണ്‍ടെക്കും

അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 12- 15 പ്രായപരിധിയില്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കാനുള്ള അനുമതിക്കുവേണ്ടിയാണ് ഫൈസറും ബയോണ്‍ടെക്കും ശ്രമിക്കുന്നതെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ആല്‍ബര്‍ട്ട് ബൗര്‍ല അറിയിച്ചു.

12- 15 വയസുകാരില്‍ കൊവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് ഫൈസറും ബയോണ്‍ടെക്കും
X

ബെര്‍ലിന്‍: 12 മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസറും ബയോണ്‍ടെക്കും അറിയിച്ചു. അമേരിക്കയിലെ 2,260 കൗമാരക്കാരില്‍ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമാണെന്നും ശക്തമായ ആന്റി ബോഡി പ്രതികരണങ്ങളും പ്രകടിപ്പിച്ചതായി ഫൈസറും ബയോണ്‍ടെക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 12- 15 പ്രായപരിധിയില്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കാനുള്ള അനുമതിക്കുവേണ്ടിയാണ് ഫൈസറും ബയോണ്‍ടെക്കും ശ്രമിക്കുന്നതെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ആല്‍ബര്‍ട്ട് ബൗര്‍ല അറിയിച്ചു.

പരീക്ഷണ വിവരങ്ങള്‍ ഉടന്‍ അമേരിക്കന്‍ റെഗിലേറ്റര്‍ അധികൃതര്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും കൈമാറുമെന്നും വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി നല്‍കിയ അനുമതിയില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി. പരീക്ഷണഫലം പ്രോല്‍സാഹനം നല്‍കുന്നതാണെന്നും യുകെ വകഭേദ (ബി 1.1.7) ത്തിന്റെ വ്യാപനത്തെയും തടയാന്‍ കഴിയുമെന്നാണ് വ്യക്തമാവുന്നതെന്നും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക് ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

ബയോണ്‍ടെക്- ഫൈസര്‍ വാക്‌സിന്‍ നോവല്‍ എംആര്‍എന്‍എ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം അവസാനം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അംഗീകരിച്ച ആദ്യത്തെ കൊവിഡ് 19 വാക്‌സിനാണിത്. ഫൈസര്‍, ബയോണ്‍ടെക്ക് വാക്‌സിന്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി അമേരിക്കയും യൂറോപ്യന്‍ യൂനിയനും നേരത്തെ തന്നെ നല്‍കിയിരുന്നു. 65ലധികം രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്ക് ഫൈസര്‍- ബയോണ്‍ടെക് വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തുകഴിഞ്ഞു.

വാക്‌സിന്റെ 250 കോടി ഡോസുകള്‍ ഈ വര്‍ഷം ഉത്പാദിപ്പിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രായേലിലെ 1.2 ദശലക്ഷം ആളുകള്‍ ഉള്‍പ്പെട്ട ലോകപഠനത്തില്‍ ഇത് 94 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. ബെല്‍ജിയത്തിലെ ഒരു ഫൈസര്‍ പ്ലാന്റിലും അമേരിക്കയിലെ മൂന്ന് സ്ഥലങ്ങളിലുമാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. മെച്ചപ്പെട്ട കാര്യക്ഷമതയും പുറത്തുനിന്നുള്ള പങ്കാളികളുമായുള്ള പുതിയ സഹകരണ കരാറുകളും വാക്‌സിന്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതായി ബയോടെക് പറഞ്ഞു.

Next Story

RELATED STORIES

Share it