India

ബുദ്ധദേബ് ആഗ്രഹിക്കുന്നത് 'ആസാദാ'വാന്‍; 'ഗുലാം' ആവാനല്ല; ഗുലാം നബിയെ പരിഹസിച്ച് ജയ്‌റാം രമേഷ്

ബുദ്ധദേബ് ആഗ്രഹിക്കുന്നത് ആസാദാവാന്‍; ഗുലാം ആവാനല്ല; ഗുലാം നബിയെ പരിഹസിച്ച് ജയ്‌റാം രമേഷ്
X

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരേ പരോക്ഷപരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ്. പത്മഭൂഷണ്‍ നിരസിച്ച സിപിഎം നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണു പരാമര്‍ശം. ബുദ്ധദേവ് ചെയ്തത് ശരിയായ കാര്യം. ആസാദ് (സ്വതന്ത്രന്‍) ആവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്, ഗുലാം (അടിമ) ആവാനല്ല- ജയ്‌റാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.

ബുദ്ധദേബിനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പത്മഭൂഷണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജയ്‌റാം രമേശിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമൂലമാറ്റം വരണമെന്ന് വാദിക്കുന്നയാളാണ് ഗുലാം നബി ആസാദ്. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് പുറത്തുപോവുമെന്ന അഭ്യൂഹങ്ങള്‍ക്ക് '24 കാരറ്റ് കോണ്‍ഗ്രസുകാരന്‍' എന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി നല്‍കിയത്. പത്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ബുദ്ധദേബ് ഭട്ടാചാര്യയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

ഭട്ടാചാര്യ ഇപ്പോള്‍ രോഗബാധിതനായി കിടപ്പിലാണ്. പുരസ്‌കാരം അദ്ദേഹം സ്വീകരിക്കില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്ഥിരീകരിച്ചു 'പത്മഭൂഷണ്‍ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. പുരസ്‌കാരത്തിന്റെ കാര്യം എന്നെ അറിയിച്ചിട്ടില്ല. എനിക്ക് പത്മഭൂഷണ്‍ നല്‍കുകയാണെങ്കില്‍ അത് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു' എന്ന് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞെന്നാണ് സീതാറാം യെച്ചൂരിയുടെ ട്വീറ്റ്.

Next Story

RELATED STORIES

Share it