India

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; ഐടിബിപി അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

45ാമത് ബറ്റാലിയനിലെ കടേമാതാ ക്യാംപില്‍നിന്ന് 600 മീറ്റര്‍ അകലെയാണ് ഐടിബിപി സ്‌ക്വാഡിന് നേരേ മാവോവാദികള്‍ വെടിയുതിര്‍ത്തത്. ഒരു എകെ 47 തോക്കും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വയര്‍ലെസ് സെറ്റും മാവോവാദികള്‍ കൊണ്ടുപോയതായി സുന്ദര്‍രാജ് കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; ഐടിബിപി അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
X

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ ഇന്തോ ടിബത്തന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ഐടിബിപിയുടെ 45ാം ബറ്റാലിയന്റെ ഒരു സ്‌ക്വാഡ് പട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഉച്ചയ്ക്ക് ശേഷം ആക്രമണമുണ്ടായതെന്ന് ബസ്തര്‍ ശ്രേണിയിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി സുന്ദര്‍രാജ് പറഞ്ഞു. 45ാമത് ബറ്റാലിയനിലെ കടേമാതാ ക്യാംപില്‍നിന്ന് 600 മീറ്റര്‍ അകലെയാണ് ഐടിബിപി സ്‌ക്വാഡിന് നേരേ മാവോവാദികള്‍ വെടിയുതിര്‍ത്തത്.

ഒരു എകെ 47 തോക്കും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വയര്‍ലെസ് സെറ്റും മാവോവാദികള്‍ കൊണ്ടുപോയതായി സുന്ദര്‍രാജ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍നിന്നുള്ള അസിസ്റ്റന്റ് കമാന്‍ഡന്റ് സുധാകര്‍ ഷിന്‍ഡെ, പഞ്ചാബിലെ റായ്‌കോട്ട് സ്വദേശിയായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗുര്‍മുഖ് സിങ് എന്നിവരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് സേനയുടെ വിന്യാസം ശക്തിപ്പെടുത്തിയതായും രണ്ട് ഐടിബിപി ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.

ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍, രാജ്‌നന്ദ്ഗാവ്, കൊണ്ടഗാവ് എന്നീ മൂന്ന് ജില്ലകളാണ് മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐടിബിപി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. നിലവില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ എട്ട് ബറ്റാലിയനുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍, നാരായണ്‍പൂര്‍, സുക്മ, കൊണ്ടഗാവ്, കാങ്കര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷന്‍ മാവോവാദികള്‍ക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ കേന്ദ്രമായിരുന്നു. ഈ വര്‍ഷം ആദ്യം ഏപ്രില്‍ നാലിന്, സുക്മബീജാപൂര്‍ അതിര്‍ത്തി പ്രദേശത്ത് മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it