India

അസമില്‍ മദ്‌റസകള്‍ നിര്‍ത്തലാക്കാനുള്ള ബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്‍ പാസാക്കിയത്. ബില്ലിന്‍മേല്‍ ശരിയായ തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

അസമില്‍ മദ്‌റസകള്‍ നിര്‍ത്തലാക്കാനുള്ള ബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം ഇറങ്ങിപ്പോയി
X

ഗുവാഹത്തി: ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ മദ്‌റസകളും നിര്‍ത്തലാക്കുന്നതിനായി അസം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്‍ പാസാക്കിയത്. ബില്ലിന്‍മേല്‍ ശരിയായ തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഇതെത്തുടര്‍ന്ന് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണറുടെ അംഗീകാരത്തിനായി ബില്‍ അയച്ചിരിക്കുകയാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

മദ്‌റസകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തുകയും 2021 ഏപ്രില്‍ ഒന്നിനകം ഈ മദ്‌റസകള്‍ പൊതുവിദ്യാലയങ്ങളായി മാറ്റുകയും ചെയ്യും. അസമിലെ സംസ്ഥാന മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടും. എന്നാല്‍, അധ്യാപന, അനധ്യാപക ജീവനക്കാരുടെ അലവന്‍സുകളെയും സേവനവ്യവസ്ഥകളെയും തീരുമാനം ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബിജെപി സഖ്യകക്ഷികളായ അസം ഗണപരിഷത്ത് (എജിപി), ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരുടെ പിന്തുണയോടെയാണ് സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ശബ്ദവോട്ടെടുപ്പിലൂടെയാണ് ബില്‍ പാസാക്കിയത്.

സ്വകാര്യമദ്‌റസകളെയും നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ മറ്റൊരു ബില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. സ്വകാര്യ മദ്‌റസകള്‍ സംസ്ഥാന സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യേണ്ട തരത്തിലുള്ള ഒരു ബില്‍ തയ്യാറാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. മതവിദ്യാഭ്യാസത്തോടൊപ്പം ശാസ്ത്രം, ഗണിതം തുടങ്ങിയവ പഠിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കൂ- അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്‌കൃത പഠനശാലകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചൊന്നും ബില്ലില്‍ പറയുന്നില്ല.

മതപരമായ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കാന്‍ കഴിയിയില്ലെന്നും സംസ്‌കൃത മതപാഠശാലകളും അടച്ചുപൂട്ടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ചെയ്യാത്ത കാര്യങ്ങള്‍വരെയാണ് അസമില്‍ ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എഐയുഡിഎഫ് നിയമസഭാംഗം റാഫികുല്‍ ഇസ്‌ലാം പ്രതികരിച്ചു. മതപഠനത്തിനായി പൊതു പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് അസം സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, നിരവധി സര്‍വകലാശാലകള്‍ വേദപഠനം, ഇസ്‌ലാമിക വിദ്യാഭ്യാസം എന്നിവ നല്‍കുന്നു. അതിനാല്‍, ഇതൊരു തിരഞ്ഞെടുപ്പ് അജണ്ട പോലെയാണ് തോന്നുന്നത്. ഇതിനെതിരേ കോടതിയില്‍ പോവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഞങ്ങള്‍ സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it