India

അനധികൃത സ്വത്ത് കേസ്: ജഗന്‍മോഹന്‍ റെഡ്ഡി സിബിഐ കോടതിയില്‍ ഹാജരായി

വെള്ളിയാഴ്ച രാവിലെയാണ് ജഗന്‍ കോടതിയിലെത്തിയത്. 2019 മെയ് 30ന് മുഖ്യമന്ത്രിയായശേഷം ഇത് ആദ്യമാണ് ജഗന്‍ കോടതിയില്‍ ഹാജരാവുന്നത്.

അനധികൃത സ്വത്ത് കേസ്: ജഗന്‍മോഹന്‍ റെഡ്ഡി സിബിഐ കോടതിയില്‍ ഹാജരായി
X

ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെയാണ് ജഗന്‍ കോടതിയിലെത്തിയത്. 2019 മെയ് 30ന് മുഖ്യമന്ത്രിയായശേഷം ഇത് ആദ്യമാണ് ജഗന്‍ കോടതിയില്‍ ഹാജരാവുന്നത്. ജനുവരി 10ന് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി ഈമാസം മൂന്നിന് കോടതി ജഗന്‍ മോഹന്‍ റെഡ്ഡിക്കും വി വിജയ് സായി റെഡ്ഡി എംപിക്കും നോട്ടീസ് അയച്ചിരുന്നു.

ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേസ് വാദം കേള്‍ക്കുന്ന ഓരോ തിയ്യതിയിലും ജഗന്‍ സിബിഐ കോടതിയില്‍ ഇടക്കാല അപേക്ഷകള്‍ സമര്‍പ്പിക്കുന്നു. ജഗന്റെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഈ കേസില്‍ ജഗനെ 2012ല്‍ അറസ്റ്റുചെയ്തിരുന്നു. ജഗന്‍ കോടതിയില്‍ ഹാജരാവുന്നത് കണക്കിലെടുത്ത് കോടതിയുടെ പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it