India

ടിക് ടോക്ക് ഭ്രാന്ത്; ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് കര്‍ശന നിയന്ത്രണം

ടിക് ടോക്കിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസുകള്‍ മസ്ജിദിന് സമീപത്ത് വ്യാപകമായി പതിച്ചിട്ടുണ്ട്.

ടിക് ടോക്ക് ഭ്രാന്ത്; ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് കര്‍ശന നിയന്ത്രണം
X

ന്യൂഡല്‍ഹി: പ്രാര്‍ഥനാ സ്ഥലത്തിന്റെ പവിത്രത നശിപ്പിക്കുന്ന വിധം ടിക് ടോക്ക് പ്രേമികളുടെ ശല്യം രൂക്ഷമായതോടെ ഡല്‍ഹി ജുമാ മസ്ജിദിലും പരിസരങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ടിക് ടോക്കിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസുകള്‍ മസ്ജിദിന് സമീപത്ത് വ്യാപകമായി പതിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും ഇതു സംബന്ധിച്ച് മൈക്കില്‍ അറിയിപ്പ് നല്‍കും. വീഡിയോ ചിത്രീകരിക്കുന്നവരെ തടയുന്നതിന് പത്തംഗ ടീമിനെയും നിയോഗിച്ചിട്ടുണ്ടെന്ന് ജുമാ മസ്ജിദ് ഷാഹി ഇമാം മൗലാന സെയ്ദ് അഹ്മദ് ബുഖാരി പറഞ്ഞു. ജുമാ മസ്ജിദില്‍ ചിത്രീകരിച്ച അഞ്ചിലേറെ വീഡിയോകള്‍ സമീപകാലത്ത് വൈറലായതിനെ തുടര്‍ന്നാണ് നടപടി. ടൂറിസ്റ്റുകളായെത്തിയ രണ്ട് സ്ത്രീകള്‍ തലകീഴായി കൈകുത്തി നില്‍ക്കുന്ന വീഡിയോയും ഇതില്‍ ഉള്‍പ്പെടും. കൗമാരക്കാരന്‍ ബോളിവുഡ് പാട്ടിന്റെ താളത്തില്‍ നൃത്തം ചെയ്യുന്നതാണ് മറ്റൊരു വീഡിയോ.

മസ്ജിദിനകത്ത് ആളുകള്‍ക്ക് പ്രവേശിക്കാവുന്ന ഭാഗങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. പ്രാര്‍ഥനാ സമയങ്ങളില്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും രണ്ടു ചെറിയ താഴിക്കക്കുടങ്ങളുടെ ഭാഗത്തേക്ക് പ്രധാന താഴികക്കുടത്തിന്റെ കവാടം വഴിയേ പ്രവേശനം അനുവദിക്കൂ. വീഡിയോ ചിത്രീകരിക്കുന്നവരെ നിരീക്ഷിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇത്. മസ്ജിദിനകത്ത് സംഗീതം അനുവദനീയമല്ല. ഏത് മതത്തിന്റേതായാലും പ്രാര്‍ഥനാ സ്ഥലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ഡല്‍ഹിയുടെ പൈതൃകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പുരാനി ദില്ലീ കീ ബാത്തേന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരം ടിക് ടോക്ക് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. 62,000ഓളം പേര്‍ പിന്തുടരുന്ന പേജാണിത്.

Next Story

RELATED STORIES

Share it