India

എഎപി വിട്ട അല്‍ക്ക ലാംബ അഞ്ചുവര്‍ഷത്തിനുശേഷം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി

2014ലാണ് ലാംബ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ലാംബയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കമെന്നാണ് സൂചന. കോണ്‍ഗ്രസ് അംഗമായി തന്നെ വീണ്ടും പാര്‍ട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അംഗത്വം സ്വീകരിച്ചശേഷം ലാംബ പ്രതികരിച്ചു.

എഎപി വിട്ട അല്‍ക്ക ലാംബ അഞ്ചുവര്‍ഷത്തിനുശേഷം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി
X

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി വേര്‍പിരിഞ്ഞ ഡല്‍ഹിയിലെ എംഎല്‍എയായിരുന്ന അല്‍ക്ക ലാംബ അഞ്ചുവര്‍ഷത്തിനുശേഷം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണു ലാംബ വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 2014ലാണ് ലാംബ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ലാംബയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കമെന്നാണ് സൂചന. കോണ്‍ഗ്രസ് അംഗമായി തന്നെ വീണ്ടും പാര്‍ട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അംഗത്വം സ്വീകരിച്ചശേഷം ലാംബ പ്രതികരിച്ചു. കോണ്‍ഗ്രസുമായി താന്‍ അകല്‍ച്ചയിലായിരുന്നുവെങ്കിലും പ്രത്യയശാസ്ത്രത്തില്‍നിന്ന് വിട്ടുപോയിട്ടില്ലായിരുന്നു. സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതാക്കന്‍മാരോടും നന്ദിയുണ്ട്. ജനങ്ങളുടെ ശബ്ദവും അവരുടെ പ്രശ്‌നങ്ങളും കേള്‍ക്കാനാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിപകരാനാണ് ഞാന്‍ അംഗമായതെന്നും ലാംബ കൂട്ടിച്ചേര്‍ത്തു. ചാന്ദ്‌നി ചൗക്കില്‍നിന്നുള്ള എംഎല്‍എയായിരുന്ന ലാംബ എഎപി നേതൃത്വവുമായി അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടും അവര്‍ രംഗത്തെത്തി. തന്നെ പാര്‍ട്ടി യോഗങ്ങള്‍ക്കു ക്ഷണിക്കാറില്ല, തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു, അടിസ്ഥാനപരമായി ലഭിക്കേണ്ട മാന്യത പോലും കിട്ടുന്നില്ല എന്നിങ്ങനെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ലാംബ എഎപിക്കു പുറത്തേക്കുപോയത്. കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സപ്തംബറില്‍ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ലംബയെ അയോഗ്യയാക്കിയിരുന്നു.

Next Story

RELATED STORIES

Share it