India

ജെഎന്‍യു സംഘര്‍ഷത്തിലെ പ്രതിപ്പട്ടിക; ആരോപണം തെളിയിക്കാന്‍ ഡല്‍ഹി പോലിസിനെ വെല്ലുവിളിച്ച് ഐഷി ഘോഷ്

കാംപസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ എന്നും താന്‍ എന്ത് അക്രമമാണ് നടത്തിയതെന്ന് പോലിസ് വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. പോലിസിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ആക്രമണത്തില്‍ പരിക്കുപറ്റിയ വ്യക്തിയാണ് താന്‍.

ജെഎന്‍യു സംഘര്‍ഷത്തിലെ പ്രതിപ്പട്ടിക; ആരോപണം തെളിയിക്കാന്‍ ഡല്‍ഹി പോലിസിനെ വെല്ലുവിളിച്ച് ഐഷി ഘോഷ്
X

ന്യൂഡല്‍ഹി: ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് പുറത്തുവിട്ട പ്രതിപ്പട്ടികയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് രംഗത്ത്. സംഘര്‍ഷത്തില്‍ ഐഷി ഘോഷ് അടക്കം ഏഴ് ഇടത് വിദ്യാര്‍ഥി നേതാക്കളെ പ്രതിയാക്കിയാണ് ഡല്‍ഹി പോലിസ് പട്ടിക ഇറക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് ഐഷി ഘോഷ് രംഗത്തുവന്നത്. കാംപസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ എന്നും താന്‍ എന്ത് അക്രമമാണ് നടത്തിയതെന്ന് പോലിസ് വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. പോലിസിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ആക്രമണത്തില്‍ പരിക്കുപറ്റിയ വ്യക്തിയാണ് താന്‍.

രക്തം പുരണ്ട വസ്ത്രത്തില്‍ ഇപ്പോഴും തന്റെ പക്കലുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയില്‍ വിശ്വാസമുണ്ട്. ആരോപണങ്ങള്‍ പോലിസ് കോടതിയില്‍ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ആക്രമണത്തിനിടയിലെ ചിത്രങ്ങള്‍ പോലിസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഐഷി ഘോഷും കൂട്ടരും ആക്രമണം നടത്തിയെന്ന തരത്തിലായിരുന്നു പോലിസ് വാദം. എന്നാല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയില്ലായിരുന്നു. അതേസമയം, തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു.

അക്രമികള്‍ കാംപസില്‍ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പോലിസ് പുറത്തുവിട്ട പ്രതിപ്പട്ടികയില്‍ ഒമ്പത് പേരില്‍ ഏഴുപേരും ഇടത് വിദ്യാര്‍ഥി സംഘടനകളിലുള്ളവരാണ്. വെറും രണ്ടുപേര്‍ മാത്രമാണ് എബിവിപി പ്രവര്‍ത്തകര്‍. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുത്താനുള്ള തീരുമാനമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it