India

ജെഡിയുവിന് ശേഷം ആര്‍എല്‍ഡിയും ഇന്‍ഡ്യ മുന്നണി വിട്ട് ബിജെപിയിലേക്ക്

ജെഡിയുവിന് ശേഷം ആര്‍എല്‍ഡിയും ഇന്‍ഡ്യ മുന്നണി വിട്ട് ബിജെപിയിലേക്ക്
X

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിക്ക് തിരിച്ചടികള്‍ തുടരുന്നു. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു മുന്നണി വിട്ട് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടെ അതിന് തയ്യാറെടുക്കുന്നു. ജയന്ത് ചൗധരി നേതൃത്വം നല്‍കുന്ന ആര്‍എല്‍ഡിയാണ് ഇന്‍ഡ്യ മുന്നണി വിട്ട് എന്‍ഡിഎയുടെ ഭാഗമാവുന്നത്. ഇതിന്റെ ഭാഗമായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കും. ഒരു രാജ്യസഭാ സീറ്റും നല്‍കും. ഭാഗ്പത്, ബിജ്‌നോര്‍ മണ്ഡലങ്ങളിലാണ് ആര്‍എല്‍ഡി മത്സരിക്കുക. ആര്‍എല്‍ഡി എന്‍ഡിഎയുടെ ഭാഗമാവുന്ന ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടാവും.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍എല്‍ഡി. അവരുമായി കൈകോര്‍ക്കുന്നതിലൂടെ ഈ മേഖലയില്‍ വലിയ വിജയം നേടാനാവുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏഴ് സീറ്റുകള്‍ നല്‍കാമെന്ന് യുപിയില്‍ മുന്നണിയെ നയിക്കുന്ന സമാജ്വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മത്സരിക്കുന്ന സീറ്റുകളിലെ അവ്യക്തതയില്‍ ആര്‍എല്‍ഡി തൃപ്തരല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എസ്പിയും ആര്‍എല്‍ഡിയും സഖ്യത്തിലാണ് മത്സരിച്ചത്. 2022ല്‍ എസ്പിയുടെ പിന്തുണയോടെ ജയന്ത് ചൗധരി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തെ ആര്‍എല്‍ഡി അദ്ധ്യക്ഷന്‍ ക്ഷീണിപ്പിക്കില്ലെന്നാണ് കരുതുന്നതെന്നാണ് അഖിലേഷ് യാദവ് വാര്‍ത്തകളോട് പ്രതികരിച്ചത്. ജയന്ത് ചൗധരി മികച്ച രാഷ്ട്രീയ നേതാവും വിദ്യാസമ്പന്നനുമാണ്. കര്‍ഷകര്‍ക്ക് വേണ്ടിയും യുപിയുടെ സമൃദ്ധിക്ക് വേണ്ടിയും ഉള്ള പോരാട്ടത്തെ കയ്യൊഴിയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it